കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ പോലീസ് അന്വേഷണത്തിനെതിരേ ഹൈക്കോടതി. പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ല. ഇത്തരം കേസുകൾ പോലീസ് അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് നിരീക്ഷിച്ച കോടതി കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു.
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിക്കാനിടായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നാലു പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് മേയ് നാലിന് കോടതി വീണ്ടും പരിഗണിക്കും.