കോട്ടയം: കെഎസ്ആർടിസി ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. കുമാരനല്ലൂർ കാവനാട്ട് കെ.സി. മാത്യുവിന്റെ മകൻ പ്രവീണ്‍ മാത്യു(33)ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി 10നു എംസി റോഡിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്.
സ്വകാര്യ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ചശേഷം കുമാരനല്ലൂർ ഭാഗത്തേക്കു മടങ്ങുന്പോൾ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി വേണാട് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു വീണ പ്രവീണിന്റെ തലയിലൂടെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു. വിവമരറിഞ്ഞ് ഏറ്റുമാനൂർ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ ജോലി കഴിഞ്ഞു പ്രവീണ്‍ ഏറ്റുമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ മടങ്ങുകയായിരുന്നു. ദുബായിലായിരുന്ന പ്രവീണ്‍ രണ്ടു മാസം മുന്‍പാണു നാട്ടിലെത്തിയത്. രണ്ടു ദിവസം മുന്‍പാണു ചൂട്ടുവേലിയിലുള്ള വാഹന ഷോറൂമിൽ അക്കൗണ്ട് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്. മാതാവ് ത്രേസ്യാമ്മ, സഹോദരൻ പ്രിൻസ്.