ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കു രോഗിയുമായി വന്ന വാഹനം പ്രവേശിച്ചതു ഭീതി പരത്തി. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. എറണാകുളത്തുനിന്ന് ഒരു രോഗിയുമായി വന്ന സ്വകാര്യ കാറാണ് ആശുപത്രിക്ക് അകത്തേക്ക് പ്രവേശിപ്പിച്ചത്.
കാർ പോർച്ച് കഴിഞ്ഞ് അകത്തേക്ക് പ്രവേശിക്കുന്നതു കണ്ടതോടെ സുരക്ഷാ ജീവനക്കാരൻ വിലക്കിയെങ്കിലും ഡ്രൈവർ കാര്യമാക്കിയില്ല. തുടർന്നു കാർ അകത്തേക്ക് കയറി വരുന്നത് കണ്ട ജീവനക്കാരും മറ്റ് രോഗികളോടൊപ്പം വന്നവരും ബഹളമുണ്ടാക്കിയതിനെ തുടർന്ന് കാർ നിർത്തി ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു.
അത്യാഹിത വിഭാഗത്തിന് സമീപം പുതിയ ഒപി കൗണ്ടറിന്റെയും കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് വരുത്തിയ ട്രാഫിക് പരിഷ്കാരമാണ് ഇത്തരത്തിൽ രോഗിയുമായി വരുന്ന സ്വകാര്യ വാഹനങ്ങൾ അത്യാഹിത വിഭാഗത്തിനകത്തേക്ക് പ്രവേശിക്കുന്നതിനു കാരണം.
ഒപിയുടെ നിർമാണം പൂർത്തീകരിക്കുന്നതു വരെ മാത്രമാണ് വാഹന പ്രവേശന സംവിധാനമെങ്കിലും ചില സമയങ്ങളിൽ ആശങ്ക പരത്താറുണ്ട്. ഡ്യൂട്ടിയിലുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ചില ഡ്രൈവർമാർ പാലിക്കാത്തതാണ് ഭീതി പടർത്തുന്ന വിധം വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുവാൻ കാരണമാകുന്നതെന്നും പറയുന്നു.