ഹരിപ്പാട്: സഹോദരനുമായുള്ള കുടുംബവഴക്ക് സംബന്ധിച്ച് കേസ് അന്വേഷിക്കാനെത്തിയ പോലീസ് സംഘം ഗൃഹനാഥനെയും ഭാര്യയെയും മർദിച്ചതായി പരാതി. പള്ളിപ്പാട് നീണ്ടൂർ കളീയ്ക്കൽ കിഴക്കതിൽ അശോകകുമാറി (52) നും ഭാര്യ മായ ( 42)യ്ക്കുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റതായി പരാതിയിലുള്ളത്.
ഹരിപ്പാട് എസ്ഐയും സിവിൽ പോലീസ് ഉദ്യോഗസ്ഥ·ാരുമാണ് വീട്ടിൽ ഉറങ്ങികിടന്ന അശോകനെ വിളിച്ചുണർത്തി ഭാര്യയുടേയും മക്കളുടേയും കണ്മുന്നിലിട്ടു മർദിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
പിടിവലിക്കിടയിൽ അശോകന്റെ ഉടുമുണ്ട് ഉരിഞ്ഞു പോയത് എടുത്തുടുക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും ഇതിനിടയിൽ സിവിൽ വേഷത്തിൽ എത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഭാര്യ മായയുടെ മുടിക്ക് കുത്തിപിടിച്ചു വലിച്ചിഴക്കുകയും ഫോണ് തട്ടിപ്പറിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
പിടിവലിക്കിടയിൽ പരിക്കേറ്റ മായ ഹരിപ്പാട് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ് സഹോദര ഭാര്യയെ ആക്രമിച്ച കേസിൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനാണ് അശോക് കുമാറിനെ തേടി വീട്ടിലെത്തിയത്, വിവരങ്ങൾ ചോദിച്ചറിയുന്നിതിനിടയിൽ ഇയാൾ പോലീസിനെതിരെ അസഭ്യവർഷങ്ങൾ നടത്തി കയ്യേറ്റം നടത്താൻ ശ്രമിച്ചതാണ് അശോകനെ കസ്റ്റഡിയിൽ എടുക്കാൻ കാരണം.
കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സഹോദര ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചതിനും ഇയാളുടെ പേരിലും, ഭാര്യയുടെ പേരിലും വെവേറെ കേസ്സുകൾ രജിസ്റ്റർ ചെയ്തതായി ഹരിപ്പാട് പോലീസ് പറഞ്ഞു.