പത്തനംതിട്ട: വേനൽമഴയിൽ ജില്ലയുടെ പല ഭാഗങ്ങളിലും കൃഷിനാശം. കാർഷിക മേഖലയിലെ വിളനാശം സംബന്ധിച്ച കണക്കെടുപ്പിലും നഷ്ടപരിഹാരവിതരണത്തിലും മാറ്റങ്ങൾ വന്നിട്ടുള്ളതിനാൽ കൃഷിവകുപ്പിന്റെ കണക്കെടുപ്പ് പ്രക്രിയയും താളംതെറ്റി. മഴയ്ക്കൊപ്പമുള്ള കാറ്റാണ് പലയിടങ്ങളിലും നാശനഷ്ടമുണ്ടാക്കുന്നത്. ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്തവരാണ് പ്രയാസത്തിലായത്.
ഇടവിട്ട് പെയ്യുന്ന വേനൽ മഴ അപകടകാരിയാണെന്നാണ് മലയോര കർഷകർ പറയുന്നത്. തുടർച്ചയായി പെയ്യുന്പോൾ കാർഷിക വിളകൾ നശിക്കുന്നതായും കാണുന്നു. കുരുമുളക്, വാഴ, തെങ്ങ്, വിവിധയിനം പച്ചക്കറി കൃഷികൾ എന്നിവയ്ക്കു വേനൽമഴ ഭീഷണിയാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് ഏറെയുള്ളത്.
ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്യുന്നതിനാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. വാഴ കർഷകരാണ് വേനൽ മഴ മൂലം ഏറെ ദുരിതത്തിലായത്. കോന്നി താലൂക്കിൽ ഏറ്റവും കൂടുതൽ വാഴ കൃഷിയുള്ള വകയാർ, കൊല്ലൻപടി, ഭാഗങ്ങളിലെ കർഷകർ വേനൽമഴ മൂലം ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്്. മഴയോടൊപ്പമുള്ള കാറ്റിൽ കുലച്ച വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു പോകുന്നത് കർഷകരുടെ നിലനില്പിനെ തന്നെ ഇല്ലാതാക്കുന്നു.
തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ തേക്കുതോട്, ഏഴാംതല ഭാഗങ്ങളിൽ വേനൽ മഴയിൽ വ്യാപകമായി വാഴകൃഷി നശിച്ചു. കാട്ടുപന്നികളുടെ ശല്യം ഏറെക്കുറെ തീർന്നെന്നു പ്രതീക്ഷിച്ചിരുന്ന കർഷകർക്കാണ് വേനൽ മഴ വിനയായി തീർന്നിരിക്കുന്നത്. വാഴയോടൊപ്പം വിവിധയിനം പച്ചക്കറി കൃഷികളും, കുരുമുളകും കൂട്ടത്തോടെ നശിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്. ചുവട്ടിൽ വെള്ളവും മുകളിൽ സൂര്യ പ്രകാശവും ലഭിക്കണം.
കുരുമുളക് പറിച്ചു കഴിഞ്ഞ് ചെടിയുടെ തണ്ട് വാടിയെങ്കിൽ മാത്രമേ തളിരിലയും നല്ല തിരിയും ലഭിക്കുകയുള്ളുവെന്ന് കർഷകർ പറയുന്നു. നിർത്താതെ പെയ്യുന്ന വേനൽ മഴ കാരണം തണ്ടുവാടാതെയും തളിരിലകൾ ലഭിക്കാതെയും, നല്ല തിരികൾ ഉണ്ടാകാതെയും കർഷകർ വലയുകയാണ്.
കിഴങ്ങു വർഗങ്ങൾക്ക് വേനൽ മഴ ഏറെ ദോഷം ചെയ്യുമെന്നാണ് കർഷകരുടെ വാദം. കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങിയാൽ കിഴങ്ങു വർഗങ്ങൾ അഴുകി പോകുന്നതായി കാണുന്നു. ഇതോടൊപ്പം കൃഷിയിടങ്ങളിൽ വെള്ളം കയറുന്നതും പടർത്തി കൃഷി ചെയ്യുന്ന പാവൽ, പടവലം, കോവൽ തുടങ്ങിയ വിളകൾ അഴുകി പോകുന്നതുമാണ് കാർഷകരെ ദുരിതത്തിലാഴ്ത്തുന്നത്.
അപ്രതീക്ഷിത മഴ കർഷകർക്കു സാന്പത്തികനഷ്ടത്തിനും ഇടയാക്കി. സാധാരണക്കാരായ കർഷകരിൽ ഭൂരിഭാഗവും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. എന്നാൽ വേനൽ മഴയിൽ കൃഷി നശിച്ചതോടെ പലർക്കും വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നിട്ടുണ്ട്. വേനൽ മഴയോടൊപ്പം വർധിച്ചു വരുന്ന വന്യമൃഗശല്യവും കർഷകർക്ക് ഭീഷണിയാകുന്നു.
കാട്ടുപന്നി, കുരങ്ങ്, ആന, മ്ലാവ്, പേരത്തത്ത തുടങ്ങിയവയാണ് വിളകൾ നശിപ്പിക്കുന്നവയിൽ പ്രധാനികൾ. കപ്പ പോലുള്ള കിഴങ്ങു വർഗങ്ങളാണ് കാട്ടുപന്നികൾക്ക് ഏറെ പ്രിയം. ഇവ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തി കാർഷിക വിളകൾ കുത്തിയിളക്കുന്ന സ്വഭാവമാണ് കാണിക്കുന്നത്.
നാട്ടിൻ പുറങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളും കുറ്റിക്കാടുകളുമെല്ലാം പന്നികൾക്ക് സ്വൈര്യ വിഹാരത്തിനുള്ള താവളമായി മാറുന്നു. കാട്ടുപന്നികളെ തുരത്തിയോടിക്കാനുള്ള പൊടിക്കൈകൾ ചെയ്താണ് ഇവറ്റയുടെ ശല്യത്തിൽ നിന്നും കർഷകർ മുക്തിനേടുന്നത്. വാഴത്തോട്ടങ്ങളിൽ ഇറങ്ങുന്ന പേരതത്തകൾ വാഴക്കുലകൾ ഭക്ഷിക്കുന്നതായി കർഷകർ സൂചിപ്പിക്കുന്നു.
വന്യമൃഗങ്ങളെ തുരത്തുവാൻ വനാതർത്തിയിൽ അധികൃതർ സ്ഥാപിച്ച സൗരോർജ വേലികൾ സുരക്ഷിതമല്ലന്നും ഇതു പലയിടത്തും പ്രവർത്തനക്ഷമമല്ലെന്നും പരാതിയുണ്ട്.