കൊച്ചി/വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ റിമാൻഡിൽ കഴിയുന്ന വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്ക് ഉൾപ്പെടെയുള്ള പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കേസിൽ പുറത്തുവരാൻ ഇനിയും കാര്യങ്ങളേറെ. ശ്രീജിത്തിന്റെ മരണത്തിനു കാരണമായ മർദനം ആര് ചെയ്തുവെന്നും ഇതിൽ അറസ്റ്റിലായ എസ്ഐയ്ക്കും ആർടിഎഫ് ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ആർടിഎഫ് അംഗങ്ങളും എസ്ഐയും മർദിച്ചതായി സ്ഥിരീകരിച്ചെങ്കിലും മരണകാരണമായ വയറിനേറ്റ ക്ഷതം ആരിൽനിന്ന് ഉണ്ടായതാണെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതു ശാസ്ത്രീയ തെളിവുകളുടെ പശ്ചാത്തലത്തിലാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്പോഴും കേസിൽ കൂടുതൽ അറസ്റ്റ് ഇനി പ്രതീക്ഷിക്കേണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ശ്രീജിത്തിന്റെ മൂക്കിൽ കാണപ്പെട്ട മുറിവും നെഞ്ചിൽ കാണപ്പെട്ട സിഗരറ്റ് കുറ്റികൊണ്ടു കുത്തിയ മുറിവും എങ്ങനെ ഉണ്ടായി എന്നത് ഇപ്പോഴും സംശയത്തിന്റെ നിഴലിൽതന്നെലാണ്. ഈ കൃത്യം ചെയ്തതു ദീപക്കോ അതോ ആർടിഎഫ് ഉദ്യോഗസ്ഥരോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഈ മാസം 30 വരെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിൽനിന്നും ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കസ്റ്റഡി മരണവുമായി എസ്ഐ ദീപക്കിനും പോലീസുകാരുമല്ലാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണ്.
ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിനു മുൻപ് വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സെല്ലിൽ കഴിയുന്പോൾ അസഹ്യമായ വയറുവേദനയെ തുടർന്നു സെല്ലിൽനിന്നു പുറത്തേക്കു മാറ്റിയിരുന്നു. പിന്നീട് പോലീസുകാർ വരാപ്പുഴ മെഡിക്കൽ സെന്ററിലേക്കു പരിശോധനയ്ക്കായി കൊണ്ടു പോയി.
തിരിച്ച് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ശ്രീജിത്തിന്റെ മുഖത്തു മുറിവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അവിടെ കാത്തുനിന്നിരുന്ന അമ്മ ശ്യാമളയും കൂട്ടുപ്രതികളും വ്യക്തമാക്കുന്നത്. പിന്നീട് വയറുവേദന ശക്തമായതോടെ പറവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ച് സ്റ്റേഷനിൽ എത്തിച്ചപ്പോഴും ശ്രീജിത്തിന്റെ മുഖത്ത് പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ശ്യാമളയും ബന്ധുക്കളും ഓർത്ത് പറയുന്നു.
തുടർന്നു ഡോക്ടറുടെ നിർദേശ പ്രകാരം വിദഗ്ധ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകും വഴിയാണു ശ്രീജിത്തിന്റെ മുഖത്ത് പാടുകൾ ഉണ്ടായത്. അപ്പോൾ പോലീസ് ജീപ്പിൽ ശ്രീജിത്തിനൊപ്പം എസ്ഐ ദീപക്കും സ്റ്റേഷനിലെ പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നീട് കളമശേരി മെഡിക്കൽ കോളജിൽനിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ശ്രീജിത്തിനെ മാറ്റി. ശ്രീജിത്തിനെ ഭാര്യ അഖില ഐസിയുവിൽ കയറി കാണുന്പോൾ മൂക്കിനേറ്റ മുറിവും നെഞ്ചിലെ അടയാളവും എങ്ങിനെ വന്നു എന്ന് ചോദിച്ചിരുന്നു. പോലീസുകാർ മർദിച്ചതാണെനാണു ശ്രീജിത്ത് മറുപടി നൽകിയിരുന്നത്.
ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തിനു മുന്പാകെ അഖില വെളിപ്പെടുത്തിയിരുന്നു. സംഭവദിവസം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഉൾപ്പെടെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും നിരവധി കാര്യങ്ങളിലാണ് ഇനിയും വ്യക്തതവരാനുള്ളത്.
അതേസമയം, കസ്റ്റഡിയിൽ ലഭിച്ച ആർടിഎഫ് അംഗങ്ങളെ വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ വീട്ടിലും വരാപ്പുഴ സ്റ്റേഷനിലുമെത്തിച്ചും എസ്ഐയെ സ്റ്റേഷനിലെത്തിച്ചും തെളിവെടുപ്പ് നടത്തും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയരാൻ സാധ്യതയുള്ളതിനാൽ തെളിവെടുപ്പ് സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ അധികൃതർ തയാറായില്ല.