ലിത്വാനിയൻ സ്വദേശിനി ലിഗ മരിച്ച സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ലിഗ മരിച്ചുകിടന്ന പ്രദേശത്തേക്ക് എത്താൻ ഉപയോഗിച്ച ചെറുവള്ളം പോലീസ് കണ്ടെത്തി. പ്രദേശത്തെ പുഴയിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളമാണിത്. പോലീസ് വള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ലിഗ ഈ വള്ളത്തിൽ തന്നെയാണോ എത്തിയതെന്ന കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല.
അതിനിടെ കേസിൽ രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കോവളം സ്വദേശികളായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും ഇക്കാര്യം അന്വേഷണ സംഘത്തിന് ബോധ്യമായെന്നും സൂചനയുണ്ട്.
പോത്തൻകോട്ട് നിന്നും കോവളത്ത് ഓട്ടോയിലെത്തിയ ലിഗയെ ഗൈഡ് ചമഞ്ഞ് സൗഹൃദം കൂടിയെത്തിയ ആൾ മയക്കുമരുന്ന് കലർത്തിയ സിഗററ്റ് നൽകി കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. ലിഗയ്ക്ക് മയക്കുമരുന്ന് കലർന്ന സിഗററ്റ് നൽകിയ ആളും ഇയാളുടെ സഹായിയും പോലീസിന്റെ കസ്റ്റഡിയിലുണ്ട്.