തിരുവില്വാമല: രാത്രിയിൽ ഉറങ്ങാൻപോലുമാവാതെ ഓലയും പ്ലാസ്റ്റിക് ഷീറ്റുംകൊണ്ട് മേഞ്ഞ കൂരയിൽ അരക്ഷിതാവസ്ഥയിൽ കഴിയുന്ന കുമാരന്റെ വീട് തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മണിയും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ഉമാശങ്കറും സന്ദർശിച്ചു.
അടച്ചുറപ്പില്ലാത്ത കൂരയിൽ അരക്ഷിതമായി കഴിയുന്നതിനു പുറമെ വണ്ടുകളുടെ ശല്യംമൂലം ഗർഭിണിയായ ഭാര്യക്കും നാലുവയസുകാരിയായ മകൾക്കും ഉറക്കൊഴിച്ച് കാവലിരിക്കുന്ന കുമാറിന്റെ ദയനീയാവസ്ഥ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മണിയും ഉമാശങ്കറും ചോദിച്ചറിഞ്ഞു.
ലൈഫ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തി വീടുപണി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നു അവർ പറഞ്ഞു. പഞ്ചായത്ത് റോഡിൽനിന്ന് അവരുടെ വീടുകളിലേക്ക് ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ മാത്രമുള്ള വഴിയുടെ കാര്യവും സമീപവാസികൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.
എരവത്തൊടി പാലയ്ക്കപ്പറന്പ് മിച്ചഭൂമിയിലാണു കുമാരൻ താമസിക്കുന്നത്. കുടുംബത്തിന്റെ ദുരവസ്ഥയെ കുറിച്ചുള്ള വാർത്ത രാഷ്ട്രദീപികയിൽ കണ്ടതിനെ തുടർന്നാണു പഞ്ചായത്ത് പ്രസിഡന്റ് കുമാരന്റെ വീട്ടിലെത്തിയത്.