സോണിപേട്ട്: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കിയ ഹരിയാന സ്വദേശി അനുകുമാരി ഒരു അമ്മയും കൂടിയാണ്. നാലു വയസുകാരന്റെ അമ്മയായ ഈ 31കാരി രണ്ടാമത്തെ ശ്രമത്തിലാണ് ഐഎഎസ് കരസ്ഥമാക്കുന്നത്.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സില്‍ ബിരുദവും നാഗ്പൂര്‍ ഐഎംടിയില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയ അനു കുമാരി കഴിഞ്ഞ ഒമ്പതു വര്‍ഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
സമൂഹത്തില്‍ അരക്ഷിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വിചാരത്തില്‍ നിന്നാണ് ഒരു സുപ്രഭാതത്തില്‍ ഐഎഎസ് എന്ന സ്വപ്നം ഉടലെടുക്കുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല. ജോലി രാജിവെച്ചു സിവില്‍ സര്‍വീസിനുള്ള പഠനം സ്വന്തം നിലയ്ക്ക് തന്നെ തുടങ്ങി.
രണ്ടാമത്തെ ശ്രമത്തില്‍ രണ്ടാം റാങ്ക് കൈപ്പിടിയില്‍ ഒതുക്കാനും ഈ മിടുക്കിക്ക് കഴിഞ്ഞു.സ്വകാര്യ സ്ഥാപനത്തിലായിരുന്നെങ്കിലും എന്റെ ജോലി വളരെ നല്ലതായിരുന്നു. എന്നാല്‍ അതില്‍ ഒരു ആത്മസംതൃപ്തി ലഭിച്ചിരുന്നില്ല.
എന്നാല്‍ സൊസൈറ്റിക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിയണമെന്നായിരുന്നു ആഗ്രഹം. അതിന് ഏറ്റവും നല്ലത് ഐഎഎസ് ആണെന്ന് തോന്നി. അങ്ങനെയാണ് സിവില്‍ സര്‍വീസ് എന്ന മോഹം മനസ്സില്‍ ഉണ്ടായതെന്നും അനുമോള്‍ പറയുന്നു. ഭര്‍ത്താവും കുടുബവും അനുമോളുടെ ആഗ്രഹത്തിന് പിന്തുണയും നല്കി.
രണ്ട് വര്‍ഷം മുമ്പാണ് അവീവ ലൈഫ് ഇന്‍ഷുറന്‍സിലെ മികച്ച ജോലി ഉപേക്ഷിച്ച അനു സിവില്‍ സര്‍വീസിനായി ഇറങ്ങിപ്പുറപ്പെടുന്നത്. 2016ലെ ആദ്യശ്രമം പാളി. രണ്ടു മാസത്തെ പഠനത്തിന്റെ ബലത്തിലാണ് അന്ന് പരീക്ഷ എഴുതാന്‍ പോയത്.
എന്നാല്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ പ്രിലിമിനറിയില്‍ പോലും ഇടം പിടിക്കാന്‍ അനുവിന് സാധിച്ചില്ല. സാങ്കേതികമായി പറഞ്ഞാല്‍ ഇത് എന്റെ രണ്ടാമത്തെ ശ്രമമാണ്. എന്നാല്‍ ഞാന്‍ ഇതെന്റെ ഒന്നാമത്തെ ശ്രമമായി മാത്രമാണ് കാണുന്നത്. കാരണം ഇത്തവണത്തെ ശ്രമത്തില്‍ മാത്രമാണ് ഞാന്‍ ഒരു പഠനം നടത്തിയതെന്നും അനു പറയുന്നു.
രണ്ടാമത്തെ ശ്രമത്തില്‍ തന്നെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അനു വളരെ സന്തോഷവതിയാണ്. കാരണം അടുത്ത വര്‍ഷം ആയിരുന്നെങ്കില്‍ പ്രായം കഴിയുന്നതിനാല്‍ അത് അനുവിന്റെ അവസാനത്തെ ശ്രമമായി മാറിയേനെ. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ജോയിന്‍ ചെയ്യാനാണ് അനു കുമാരിക്ക് താത്പര്യം. സ്ത്രീകളുടെയും കുട്ടികളുടേയും ജീവിതത്തില്‍ മാറ്റം കൊണ്ടു വരണം അനു പറയുന്നു.
ഹരിനായയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ആ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ എനിക്കിങ്ങനെ ഒരു അപൂര്‍വ്വ അവസരം ലഭിച്ചതോടെ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും അനു കുമാരി പറയുന്നു.
വിജയമന്ത്രം എന്താണെന്ന് ചോദിച്ചാല്‍ അനു പറയും തന്റെ ലക്ഷ്യത്തെ കുറിച്ച് എപ്പോഴും തന്നെ തന്നെ തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. എവിടെയും കോച്ചിംഗിനും പോയിട്ടില്ല. സ്വന്തം നിലയ്ക്കുള്ള പഠനമാണ് നടത്തിയത്. അതില്‍ നിന്നും ശ്രദ്ധ വ്യതിചെലിക്കാനും അനുവദിച്ചില്ല. അനു പറയുന്നു. ബിസിനസുകാരനാണ് അനുവിന്റെ ഭര്‍ത്താവ്.