ഏകദേശം 20 മണിക്കൂറോളം നിർത്താതെയുള്ള ആകാശയാത്ര… സിംഗപ്പൂർ എയർലൈൻസ് രണ്ടു മെട്രോപൊളിറ്റൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന സർവീസ് പുതിയ വിമാനം ഉപയോഗിച്ച് ആരംഭിക്കുന്നു. എയർബസ് എ350-900യുഎൽആർ (അൾട്രാ ലോംഗ് റേഞ്ച്) ആണ് സിംഗപ്പൂരിൽനിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്താൻ സിംഗപ്പൂർ എയർലൈൻസ് ഉപയോഗിക്കുക.
ഈ വർഷം അവസാനത്തോടെ ഈ വിമാനം സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമാകും.നിലവിൽ നാല് എൻജിനുകളുള്ള എ340-500 വിമാനമാണ് എയർലൈൻസ് നോൺ സ്റ്റോപ്പ് സർവീസിന് ഉപയോഗിച്ചിരുന്നത്. 100 ബിസിനസ് ക്ലാസ് സീറ്റുകൾ മാത്രമുള്ള ഈ സർവീസ് 2013ൽ ഉപേക്ഷിച്ചു.
ഇതിനു പിന്നാലെ എയർബസിന്റെ 67 വൈഡ്ബോഡി എ350-900 വിമാനങ്ങൾ വാങ്ങാൻ സിംഗപ്പൂർ എർലൈൻസ് തീരുമാനിച്ചു. ഇതിൽ 21 എണ്ണം വൈകാതെ സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമാകും. ഓർഡർ ചെയ്തവയിൽ ഏഴ് യുഎൽആർ വിമാനങ്ങളും ഉൾപ്പെടും.
യുഎൽആർ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ തിങ്കളാഴ്ച ഫ്രാൻസിലെ ടുളോസിൽ നടത്തി. അഞ്ചു മണിക്കൂറോളം പരീക്ഷണപ്പറക്കൽ നടത്തിയ യുഎൽആർ വിമാനത്തിന് 11,160 മൈൽ (ഏകദേശം 17,950 കിലോമീറ്റർ) പറക്കാനുള്ള ശേഷിയുണ്ട്.
സ്റ്റാൻഡാർഡ് എ350 വിമാനത്തേക്കാൾ 1,800 മൈൽ കൂടുതൽ സഞ്ചരിക്കാൻ യുഎൽആറിനു കഴിയും. അതായത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ്പ് വ്യോമപാത സിംഗപ്പൂർ എയർലൈൻസിന്റെ കിരീടത്തിലെ പൊൻതൂവലാകും.