വിവാഹ ചടങ്ങിനിടെ സുഹൃത്ത് വരനെ വെടിവെക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സുഹൃത്തിന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ വരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ലിഖിംപൂർ ഖേരി ജില്ലയിലെ റാംപൂർ ഗ്രാമത്തിലാണ് ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സംഭവം നടന്നത്. സുനിൽ എന്നാണ് ഇരുപത്തിയഞ്ചുകാരനായ ഇയാളുടെ പേര്.
ബന്ധുക്കളുടെയും വിവാഹത്തിനു ക്ഷണിച്ചവരുടെയും സാന്നിധ്യത്തിൽ വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഇയാൾ വരനു നേരെ നിറയൊഴിച്ചത്. സംഭവം നടന്നയുടൻ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സുനിലിന്റെ സമീപത്ത് നിൽക്കുന്ന ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ചു നിൽക്കുന്നയാൾ ഇയാൾക്കു നേരെ നിറയൊഴിക്കുന്നത് പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മാത്രമല്ല വെടിയേറ്റപ്പോൾ തന്നെ നെഞ്ചിൽ കൈയ്യും പൊത്തിപ്പിടിച്ചു നിൽക്കുന്ന സുനിൽ കുഴഞ്ഞ് വീഴുന്നതും വ്യക്തമാണ്. ഇയാൾ വെടിയുതിർത്തതിന്റെ കാരണം വ്യക്തമല്ല. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് വലവിരിച്ചിരിക്കുകയാണ്.