വിമാനത്തിനുള്ളിലെ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത് എയർഹോസ്റ്റസുമാരാണ്. യാത്രക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിചരിക്കുന്നതു മുതൽ അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ ജോലി വരെ ഇവർ ചെയ്യും. അത് അവരുടെ തൊഴിലിന്റെ സ്വഭാവമാണ്. നിരവധി എയർഹോസ്റ്റസുമാർ തങ്ങളുടെ കടമ കൃത്യമായി ചെയ്ത് പ്രശംസ നേടിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ജെറ്റ് എയർവേസിലെ എയർഹോസ്റ്റസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു കുഞ്ഞ് രക്ഷപ്പെട്ടു. മുംബൈ വിമാനത്താവളത്തിൽ അമ്മയോടൊപ്പം അഹമ്മദാബാദിലേക്കു പോകാനെത്തിയ പത്തു മാസം പ്രായമുള്ള കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. സെക്യൂരിറ്റി ഗേറ്റിൽ സുരക്ഷാ പരിശോധനയ്ക്കായി നിൽക്കവെ അമ്മയുടെ കൈയിൽനിന്ന് കുഞ്ഞ് നിലത്തേക്കു വീഴുകയായിരുന്നു.
സമീപം നിന്നിരുന്ന മിതൻഷി വൈദ്യ എന്ന എയർഹോസ്റ്റസ് പെട്ടെന്ന് കുഞ്ഞിന് പരിക്കേൽക്കാതെ പിടിച്ചു. എന്നാൽ, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിലത്തേക്കു വീണ മിതൻഷിക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു.
ജോലിയെത്തന്നെ സാരമായി ബാധിക്കുംവിധത്തിൽ മൂക്കിൽ മുറിവേറ്റുവെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. ജെറ്റ് എയർവേസിന്റെ “മാലാഖ’യ്ക്കു നന്ദി പറഞ്ഞുകൊണ്ട് അവർ ജെറ്റ് എയർവേസിനു കത്തയച്ചു.
സംഭവം ജെറ്റ് എയർവേസ് വാർത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മിതൻഷിയെക്കുറിഞ്ഞ് തങ്ങൾക്ക് അഭിമാനമുണ്ടെന്ന് കമ്പനി അറിയിച്ചു. 2016 മുതൽ ജെറ്റ് എയർവേസിന്റെ കാബിൻ ക്രൂവിൽ മിതൻഷി അംഗമാണ്.