കോട്ടയം: ഡിറ്റക്ടിവ് നോവൽ രചനയിൽ വിസ്മയം തീർത്ത മലയാളികളുടെ മനസിൽ ഇടം നേടിയ കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. സക്കറിയ എസ് എന്ന പുഷ്പനാഥ് കാരാപ്പുഴ ഗവ. എച്ച്എസിൽ അധ്യാപകനായിരുന്നു. രചനയിൽ സജീവമാകാൻ അധ്യാപനത്തിൽനിന്നും വിആർഎസ് നേടി വീട്ടിൽ നോവൽ രചനയുടെ പുതിയൊരു പ്രപഞ്ചം സൃഷ്ടിച്ചു
മലയാളരചനകളിൽ പലതും തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകൾ സിനിമയായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കോട്ടയം സിഎസ്ഐ കത്തീഡ്രലിൽ. ഇന്നു രാവിലെ ഒൻപതിന് കോട്ടയം ചുങ്കത്തുള്ള വസതിയിലായിരുന്നു മരണം.
മകൻ പ്രശസ്ത ഫോട്ടോഗ്രാഫർ സലീം പുഷ്പനാഥ് ഒരു മാസം മുൻപാണ് നിര്യാതനായത്.മൂന്നൂറിലേറെ ഡിറ്റക്ടിവ് നോവലുകൾ രചിച്ച് മലയാളികളിൽ വായനയുടെ വിസ്മയം തീർത്ത പുഷ്പനാഥ് പതിനെട്ടാം വയസിൽ സാഹിത്യ ലോകത്തെത്തി. ടൈമൂർ എന്ന പേരിലും രചന നടത്തിയിട്ടുണ്ട്. 1960കളിൽ ആറു പതിറ്റാണ്ട് തുടർച്ചയായി രചനാലോകത്ത് തുടർന്നു.
കോട്ടയം ആഴ്ചപ്പതിപ്പുകളിൽ ഒരേ സമയം ഒന്നിലേറെ നോവലുകൾ എഴുതിയ കാലമുണ്ട്.ഓരോ വാരികയ്ക്കും ഓരോ ദിവസം വീതം ഓരോ അധ്യായത്തിനായി മാറ്റിവച്ച കാലവുമുണ്ട്. രാവിലെ ഏഴു മുതൽ രാത്രി 12 വരെ എഴുത്തു തുടർന്ന തിരക്കിന്റെ കാലവും ഇദ്ദേഹത്തിനുണ്ട്.
ഒന്നിലേറെ പേരെ ഇരുത്തി ഒരേ സമയം ഒന്നിലേറെ നോവൽ പറഞ്ഞു കൊടുത്ത് എഴുത്തിച്ചും ഇദ്ദേഹം വിസ്മയം തീർത്തു.ബിഎ ചരിത്രബിരുദധാരിയാണ്. ഭാര്യ മറിയാമ്മ. മക്കൾ: സലീം പുഷ്പനാഥ്, സീനു പുഷ്പനാഥ്, ജെമി പുഷ്പനാഥ്.