ചങ്ങനാശേരി: റബർ കാർഷിക മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ പ്രതിഷേധിച്ച് മെയ് 11 ന് റബർ ഹർത്താൽ നടത്തുവാൻ കേരള റബർ കർഷകവേദി തീരുമാനിച്ചു. അന്നേദിവസം റബർ ബോർഡിലേക്ക് മാർച്ച് നടത്തുവാനും തീരുമാനിച്ചു. റബർ ഹർത്താലിൽ കർഷകർ ടാപ്പിംഗ് നിർത്തിവയ്ക്കും. കർഷകർ കാർഷികമേഖലയുമായി ബന്ധപ്പെട്ട ജോലികളിൽ നിന്നും മാറിനിൽക്കും. വെട്ടില്ല, ഷീറ്റടിക്കില്ല.
റബർ ഉത്തേജകഫണ്ട് 300 രൂപയാക്കുക, സ്വാഭാവിക റബർ ഇറക്കുമതി നിരോധിക്കുക, ചിരട്ടപ്പാൽ ഇറക്കുമതി നീക്കത്തിൽ നിന്നും പിൻമാറുക, റബറിനെ കാർഷിക ഉൽപ്പന്നമായി പ്രഖ്യാപിക്കുക, റബർ ബോർഡിനെ സംരക്ഷിക്കു, പുതുകൃഷി ആവർത്തനകൃഷി കുടിശിഖ വിതരണം ചെയ്യുകയും തുക ഹെക്ടറിന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കുകയും ചെയ്യുക, കർഷക പെൻഷൻ കുടിശിഖ വിതരണം ചെയ്യുക, കർഷകാഭിമുഖ്യ റബർ നയം രൂപീകരിക്കുക, റബറിന്റെ ജിഎസ്ടി കുറയ്ക്കുക തുടങ്ങി 15 ഇന ആവശ്യങ്ങൾ ഉയർത്തികൊണ്ടാണ് റബർ ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്.
റബർ കർഷകർ, റബർ ഉദ്പാദകസംഘങ്ങൾ, റബർ വ്യാപാരികൾ എന്നിവർ മാർച്ചിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് വി.ജെ.ലാലി അധ്യക്ഷത വഹിച്ചു. ബാബു കുട്ടൻചിറ, വി.കെ.സുഗതൻ, ശാന്തമ്മ വർഗീസ്, ലീലാമ്മ കൂവക്കാട്, കൊച്ചുമോൻ കൊല്ലറാട്ട്, സുരേഷ് ബാബു ജി, മാത്തുക്കുട്ടി മൂലയിൽ, മോൻസി ജോസഫ്, ജോർജുകുട്ടി മുക്കം, പി.ഡി.വർഗീസ്, ആന്റണി ഇലവുംമൂുട്ടിൽ, സി.വി.തോമസുകുട്ടി, കെ.എ. ജോർജ്, മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു. റബർ കാർഷിക മേഖലയുമായി ബന്ധപ്പെട്ടതല്ലാതെ ഒരു മേഖലയെയും ഹർത്താൽ ബാധിക്കില്ല.
ഹർത്താൽ സംബന്ധിച്ച് വിവിധ കർഷകസംഘടനകളുടെയും റബർ ഉത്പാദക സംഘങ്ങളുടെയും റബർ മേഖലയിലെ ജനപ്രതിനിധികളുടെയും യോഗം മേയ് എട്ടിന് വൈകുന്നേരം അഞ്ചിന് മുൻസിപ്പൽ മിനി ടൗണ് ഹാളിൽ ചേരുന്നതാണെന്ന് സെക്രട്ടറി ബാബു കുട്ടൻചിറ അറിയിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകവേദി പ്രസിഡന്റ് വി.ജെ.ലാലി മേയ് നാലാംവാരം 24 മണിക്കൂർ ഉപവാസം നടത്തുന്നതിനും യോഗം തീരുമാനിച്ചു.