ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ്് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ.കെഎസ്ആർടി സ്റ്റാൻഡിനു സമീപം നിന്നു കഞ്ചാവും, ലഹരി വസ്തുക്കളുമായി കൊല്ലം തിരുമുല്ലവാരം സ്വദേശി ആകാശ് (24), കരുനാഗപ്പള്ളി, വടക്കുംതല സ്വദേശി അമൽ ജി രവി (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 112 ഗ്രാം കഞ്ചാവും 41 ലഹരി സ്റ്റാന്പുകളും പിടിച്ചെടുത്തു.
ബസ് സ്റ്റാന്റിനു സമീപത്ത് സംശയാസ്പദമായി കാണപ്പെട്ട യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ഉപയോഗിച്ചിരുന്ന ബാഗ് കഞ്ചാവ് ചെടികളുടെ അസംസ്കൃത വസ്തുക്കളാൽ നിർമിതമായ ചണം കൊണ്ട് നേപ്പാളിൽ നിർമിച്ചതാണെന്ന് കാണുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവും എൽഎസ്ഡി എന്നു സംശയിക്കുന്ന സ്റ്റാന്പുകളും കണ്ടെത്തുകയും ചെയ്തു.
ബാംഗളൂർ, ഗോവ, ഡൽഹി ഹിമാചൽപ്രദേശ് എന്നിവടങ്ങളിൽ സ്ഥിരമായി യാത്രചെയ്യുന്ന എൻജിനിയറിംഗ് ബിരുദധാരിയുമായ ആകാശ് ഗോവയിലുള്ള സുഹൃത്തുക്കളിൽ നിന്നും സ്ഥിരമായി കഞ്ചാവും ലഹരി വസ്തുക്കളും കേരളത്തിൽ എത്തിച്ച് സുഹൃത്തുക്കൾക്ക് വിതരണം ചെയ്ത് വരികയാണെന്നും, ഇയാളിൽ നിന്നും പിടികൂടിയ സ്റ്റാന്പുകൾ രാസപരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതു സംബന്ധിച്ച് കൂടുതൽ അറിയുവാൻ കഴിയൂവെന്നും സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
പിടികൂടിയ രണ്ടാമെത്തെയാൾ അമൽ ജി രവി സൗണ്ട് എൻജിനിയറാണെന്നും കൊല്ലത്തുനിന്നും അങ്കമാലിക്ക് പോകുന്നതിനായാണ് ആലപ്പുഴയിൽ എത്തിയതെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാളുടെ ബാഗിൽ നിന്നും 60 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ രണ്ട് പേരേയും ആലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കി.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി റൊബർട്ടിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസറന്മാരായ കുഞ്ഞുമോൻ, ദിലീപ്, എം. കെ. സജിമോൻ സിവിൽ എക്സൈസ് ഓഫീസറന്മാരായ ആർ രവികുമാർ, അനിലാൽ, റഹിം, ഓംകാർനാഥ്, അരുണ്, എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.
എൽഎസ്ഡി ഒറ്റത്തവണ ഉപയോഗിച്ചാൽ പോലുംകടുത്തമാനസിക വിഭ്രാന്തിക്കിടയാക്കും
ആലപ്പുഴ: ലൈസർജിക് ആസിഡ് ഡൈതലമൈഡ് അഥവാ എൽഎസ്ഡി എന്നത് സ്റ്റാന്പ് രൂപത്തിലുള്ളതും സ്റ്റാന്പ്, ആസിഡ്, സാൾട്ട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഒരു സിന്തറ്റിക്ക് ഡ്രഗും ആണ്. ഒരു സ്റ്റാന്പിനു ആയിരത്തിലധികം രൂപ വിപണി വിലയുള്ള ഇതു ദീർഘനേരത്തെ ലഹരിയ്ക്കായി ഉപയോഗിക്കുന്ന ന്യൂജെൻ മയക്കുമരുന്നുകളിൽ പ്രഥമ സ്ഥാനത്താണ്.
ഒരുതവണത്തെ ഉപയോഗം പോലും കടുത്ത മനസിക വിഭ്രാന്തിയിലേക്ക് എത്തിക്കുന്ന ഇത് അറിയപ്പെടുന്ന മയക്കുമരുന്നുകളിൽ ഏറ്റവും അപകടകാരിയായിട്ടുള്ള ഒന്നാണ്. ആലപ്പുഴയിൽ ആദ്യമായാണ് എൽഎസ്ഡി സ്റ്റാന്പ് എക്സൈസ് പിടികൂടുന്നത്.