കൊച്ചി: വിവിഐപികളുടെ സന്ദർശനത്തിന്റെ ഭാഗമായി കർശന സുരക്ഷായൊരുക്കാൻ റോഡുകളിൾക്ക് ഇരുവശവും താത്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കുന്ന കാഴ്ചകൾ പതിവാണ്. എന്നാൽ റോഡുകൾ കുത്തിപ്പൊളിച്ച് സ്ഥാപിക്കുന്ന ഇത്തരം ബാരിക്കേഡുകൾക്കു പകരം ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പൊതുജന അഭിപ്രായം.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി എറണാകുളം ഗസ്റ്റ് ഹൗസിലാണ് വിശ്രമിച്ചത്. ഇതിന്റെ ഭാഗമായി രണ്ടു ദിവസം നഗരം കനത്ത സുരക്ഷാവലയത്തിലായിരുന്നു. ഗസ്റ്റ് ഹൗസിന്റെ പരിസരത്തും ഉപരാഷ്ട്രപതി കടന്നു പോകുന്ന റോഡിന്റെ വശങ്ങളിലും കന്പുകൾ നാട്ടി താത്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചു.
വിവിഐപികളുടെ സന്ദർശനത്തോടനുബന്ധിച്ച് ഇത്തരം സുരക്ഷാ നടപടികൾ എടുക്കുന്നത് പതിവാണ്. എന്നാൽ തൂണുകൾ നാട്ടുന്നതിനായി റോഡിന്റെ വശങ്ങളിൽ എടുത്ത കുഴികൾ പിന്നീട് റോഡിന്റെ തകർച്ചയ്ക്കു കാരണമാകുകയാണ് പതിവ്. കുഴികൾ നികത്തി പൂർവസ്ഥിതിയിലാക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
എറണാകുളം പാർക്ക് അവന്യൂ റോഡിൽ പുതിയതായി പാകിയ ടൈലുകളുടെ വശങ്ങളിലെ കോണ്ക്രീറ്റും ഇത്തരത്തിൽ ബാരിക്കേഡുകൾ സ്ഥാപിക്കാൻ പൊട്ടിച്ചിട്ടുണ്ട്. ഇതു ശരിയായ രീതിയിൽ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ടൈലുകൾ ഇളകി റോഡ് തകരും. തിരക്കേറിയ നഗരത്തിൽ റോഡുകളിൽ അടിക്കടി അറ്റകുറ്റപ്പണി നടത്തുന്നതും അപ്രായോഗികമാണ്.
ഏറെ നാളുകളായി തകർന്നുകിടന്നതിനു ശേഷമാണ് പാർക്ക് അവന്യൂ റോഡ് ടാർ ചെയ്തും ടൈലുകൾ പാകിയും നവീകരിച്ചത്. റോഡുകൾ കുഴിച്ചും മറ്റും ഇത്തരം ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനു പകരം മറ്റു നവീന മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരും പറയുന്നത്.
ബദൽ മാർഗങ്ങൾ തേടണം: മേയർ സൗമിനി ജെയിൻ
നല്ല രീതിയിലുള്ള റോഡുകൾ കുത്തിപ്പൊളിക്കാതെ സുരക്ഷയ്ക്കായി ബദൽ മാർഗങ്ങൾ തേടുകയാണ് വേണ്ടതെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. തിരക്കുള്ള ഇടങ്ങളിൽ എടുത്തുമാറ്റാവുന്ന ബാരിക്കേഡുകൾ സ്ഥാപിക്കാവുന്നതാണ്. കുഴിയെടുത്ത് തൂണുകൾ നാട്ടി കിലോമീറ്ററുകളോളം നീളത്തിൽ വേലികൾ സ്ഥാപിച്ചതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവും ലഭിക്കുന്നില്ല.
സന്ദർശനത്തിനെത്തുന്ന വിവിഐപികളുടെ യാത്രയിൽ ഉൾപ്പെടാത്ത റോഡുകളിൽപോലും ഇത്തരം വേലികൾ സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനായി കോണ്ട്രാക്ട് എടുത്തവർ പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. റോഡുകളുടെ വശങ്ങളിൽ എടുത്ത കുഴികൾ അതേ അവസ്ഥയിൽ തന്നെ കിടക്കുകയാണ് പതിവ്.
ഇതു റോഡിന്റെ തകർച്ചയ്ക്കു കാരണമാകും. സന്ദർശനത്തിനെത്തുന്ന വിവിഐപി തിരിച്ചു പോയതിനു ദിവസങ്ങൾക്കു ശേഷമാകും താത്കാലിക ബാരിക്കേഡുകൾ നീക്കംചെയ്യുക. ഇതിനിടെ കയറിന്റെ കെട്ടഴിഞ്ഞും മറ്റും ഇവ റോഡിൽ വീഴും. അലക്ഷ്യമായി കിടക്കുന്ന ഇത്തരം കന്പുകളിൽ തട്ടി കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും അപകടങ്ങളും സംഭവിക്കാറുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി.