ചവറ: ക്ലാസ് മുറികൾക്കൊപ്പം പാഠ്യ പദ്ധതിയും ആധുനിക വൽക്കരിക്കണമെന്ന് കെ.സോമപ്രസാദ് എം പി പറഞ്ഞു. കോയിവിള അയ്യൻ കോയിക്കൽ സർക്കാർ സ്കൂളിലെ ആധുനികവൽക്കരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലേറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമാണ് കേരളം.
വിദ്യാലയങ്ങൾ ഹൈടെക്കാകുന്നതോടെ വരുന്ന മാറ്റങ്ങൾ വിദ്യാഭ്യാസ രീതികൾ പരിഷ്കരിക്കുന്നതോടെ കൂടുതൽ ഗുണകരമാകുമെന്നും എം പി പറഞ്ഞു. എൻ.വിജയൻ പിള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. വേനൽ പറവകൾ ശില്പശാല ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി പിള്ളയും ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ ജില്ലാ പഞ്ചായത്തംഗം ബി.സേതുലക്ഷ്മിയും ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി എസ്പിസി സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം. ഇസ്മയിൽ കുഞ്ഞ്, ശ്രീകല, പി.ഓമനക്കുട്ടൻ, കെ.മോഹനക്കുട്ടൻ, ടി.എസ് വത്സലകുമാരി, പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ പ്രഥമാധ്യാപിക വി.പ്രീതാകുമാരിയമ്മ എന്നിവർ പ്രസംഗിച്ചു.
ചിത്രരചനാ ക്യാമ്പിന് കെ.വി.ജ്യോതിലാൽ നേതൃത്വം നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചവറ മണ്ഡലത്തിൽ ഹൈടെക് നിലവാരത്തിലേക്കുയർത്തുന്നതിന് തിരഞ്ഞെടുത്ത സ്കൂളിൽ 31 ക്ലാസ് മുറികളാണ് ആധുനികവൽക്കരിച്ചത്.