പാലക്കാട്: കേരളത്തിലെ കൃഷിഭൂമി നികത്തുന്നത് ക്രിമിനൽ കുറ്റമാക്കുമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ്. സുനിൽകുമാർ. പാലക്കാട് ഐ ആർ ടി സിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സമത വില്ലേജിന്റെയും ഇന്ത്യൻ അഗ്രോ ഇക്കോളജി സൊസൈറ്റിയുടേയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെൽവയൽ തണ്ണീർതട നിയമഭേദഗതി ബിൽ നിയമമാക്കുന്ന സന്ദർഭത്തിൽ ശാസ്ത്രസാഹിത്യ പരിഷത് അടക്കമുള്ള സംഘടനകൾ മുന്നോട്ടുവെച്ചിട്ടുള്ള ആശങ്കകൾ പരിഗണിക്കും. കേരളത്തിലെ കൃഷിഭൂമിയെ പരമാവധി സംരക്ഷിച്ച് ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഭക്ഷ്യസുരക്ഷയോടൊപ്പം സുരക്ഷിത ഭക്ഷണത്തിനും തുല്യ പ്രാധാന്യം നൽകണം.
അന്ധമായ ഒരു ഭക്ഷ്യനയമല്ല സർക്കാരിനുള്ളത്. ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനോടൊപ്പം മണ്ണിന്റെ ജൈവഘടനയെ തകർക്കുന്ന രാസകീടനാശിനിയുടെ ഉപയോഗം ശാസ്ത്രീയമാക്കണം. എങ്കിൽ മാത്രമേ വരും തലമുറയ്ക്ക് വേണ്ടി നമ്മുടെ മണ്ണും ജലവും സുരക്ഷിതമായി നൽകാനാവൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ പരിഷത് പ്രസിഡന്റ് ടി. ഗംഗാധരൻ അദ്ധ്യക്ഷനായി.
മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. കുട്ടികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. ബിന്ദു, ഡോ. എം. പി. പരമേശ്വരൻ, പ്രഫ. പി. കെ. രവീന്ദ്രൻ , ഐ ആർ ടി സി ഡയറക്ടർ ഡോ. എൻ. കെ. ശശിധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യുട്ടീവ് ഡയറക്ടർ വി.ജി. ഗോപിനാഥൻ സ്വാഗതവും സെക്രട്ടറി പി. വി. ജോസഫ് നന്ദിയും പറഞ്ഞു. രാവിലെ നടന്ന അഗ്രോഇക്കോളജി- കാർഷിക സെമിനാർ കെ. കൃഷ്ണൻകുട്ടി എം എൽ എ ദ്ഘാടനം ചെയ്തു.
കേരള കാർഷിക സർവ്വകലാശാലയിലെ ഡോ. ജിജു പി. അലക്സ്, കോർണൽ യൂണിവേഴ്സിറ്റിയിലെ എമിറേറ്റ്സ് പ്രഫ. ഡോ. ജോഷി ചെറിയാൻ, നബാർഡിന്റെ പാലക്കാട് ഡി ഡി എ രമേശ് വേണുഗോപാൽ എന്നിവർ വിവിധവിഷയങ്ങൾ അവതരിപ്പിച്ചു. പ്രഫ. പി. കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.