തളിപ്പറമ്പ്: ആയിരത്തിലേറെ നിക്ഷേപകരില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാരായ രണ്ടുപേര്‍ അറസ്റ്റില്‍. ഉടമ ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സിഗ്സ്ടെക് മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള പാലക്കാട് സ്വദേശിയും പുഴക്കുളങ്ങര ഗൗരീശങ്കരത്തില്‍ താമസക്കാരനുമായ എസ്.സുരേഷ്ബാബു (47), കാസര്‍ഗോഡ് കളനാട് വിഷ്ണുലീലയിലെ കുഞ്ഞിച്ചന്തു മേലത്ത് (42) എന്നിവരെയാണ് ഇന്നലെ ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
15 വര്‍ഷമായി ചിറവക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ഉടമ കോട്ടയം സ്വദേശിയായ കെ.എന്‍.രാജീവ് എന്നതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആയിക്കണക്കിനാളുകളുടെ നിക്ഷേപം സ്വീകരിച്ചത്. അഞ്ചുവര്‍ഷം കൊണ്ടു പണം ഇരട്ടിക്കും. ഒരു ലക്ഷം രൂപയ്ക്കു പ്രതിമാസം 10,000 രൂപ പലിശ എന്നീ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണു നിരവധി പേര് നിക്ഷേപം നടത്തിയത്.
കോടികള്‍ തന്നെ നിക്ഷേപിച്ചവരുണ്ടെന്നു പോലീസ് പറഞ്ഞു. കാലാവധി എത്തിയെങ്കിലും നിക്ഷേപം തിരിച്ചുനല്‍കാതെ ഉടമയും നടത്തിപ്പുകാരും ഒഴിഞ്ഞുമാറിയതിനെതുടര്ന്നാണു 200 പേര് ഒപ്പിട്ടു തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
ഇതില്‍ 19 ലക്ഷം രൂപ തിരിച്ചുകിട്ടാനുള്ള പ്രവാസിയും പന്ന്യന്നൂരില്‍ താമസക്കാരനുമായ വിജയപുരത്തെ എം.എന്‍.വിജയകുമാര്‍ 18 ലക്ഷം രൂപ ലഭിക്കാനുള്ള ചിറക്കല്‍ ഓണപ്പറമ്പിലെ സുരഭിനിലയത്തില്‍ രേഷ്മാ സതീശന് എന്നിവരുടെ പരാതികളിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിലും ആലക്കോടുമാണ് ഈ സ്ഥാപനത്തിനു ബ്രാഞ്ചുകളുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്തതായി സംശയമുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതികളുടെ പേരിലായി സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലായി 500ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളുടെ പേരിലായി സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലായി 500ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
നേരത്തെ ഈ സ്ഥാപനത്തിന്റെ കോട്ടയം ഹെഡ്ഓഫീസിലെ ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നു തളിപ്പറമ്പില്‍ വന്ന് ഇപ്പോള്‍ അറസ്റ്റിലായ സുരേഷ്ബാബുവിന്റെ വീട്ടിനു മുന്നില്‍ ധര്‍ണ നടത്തിയതു വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.