തൊടുപുഴ: ലെയ്ക്കയുടെ ഒൗദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ ഒരു പൊൻതൂവൽ കൂടി. ഇന്നലെ തൊടുപുഴയിൽ സ്വകാര്യ ബസിനുള്ളിൽ നിന്നും രണ്ടു കിലോയോളം കഞ്ചാവ് പിടികൂടാനിടയാക്കിയതും ലെയ്ക്കയുടെ അന്വേഷണ മികവായിരുന്നു. പോലീസിന്റെ ഇടുക്കി നാർക്കോട്ടിംഗ് വിംഗിന്റെ ഭാഗമായ പോലീസ് നായയായ ലെയ്ക്ക ഇന്നലെ ബസിൽ പരിശോധന നടത്തിയതോടെയാണ് വൻ കഞ്ചാവ് കടത്തൽ പോലീസിനു പിടി കൂടാനായത്.
ഒരു വർഷമായി ഇടുക്കി നാർക്കോട്ടിംഗ് വിംഗിന്റെ ഭാഗമാണ് ലെയ്ക്കയെന്ന പോലീസ് നായ. ഇതിനിടെ അഞ്ച് കേസുകളിൽ വൻ മയക്കുമരുന്ന് വേട്ട് നടത്തി തന്റെ മികവ് തെളിയിച്ചിട്ടുണ്ട് ലെയ്ക്ക. ഇടുക്കി ഡോഗ് സ്ക്വാഡിൽ നാർക്കോട്ടിംഗ് വിഭാഗത്തിൽ ലെയക്കക്കു പുറമെ ബ്രൂസ് എന്ന പോലീസ് നായയും സേവനം ചെയ്യുന്നുണ്ട്.
ഇടുക്കി പോലീസിൽ ആകെ ഏഴു പോലീസ് നായ്ക്കളുള്ളതിൽ ട്രാക്കർ വിഭാഗത്തിൽ മൂന്നും എക്സ്പ്ലോസീവ് വിഭാഗത്തിൽ രണ്ടും നായ്ക്കളാണുള്ളത്. എല്ലാവരും ലാബ്രഡോർ ഇനത്തിൽപ്പെട്ടവയാണ്. കഞ്ചാവ്, ഹാഷീഷ്, ബ്രൗണ്ഷുഗർ മറ്റു ലഹരിമരുന്നുകൾ തുടങ്ങി ഏതു മയക്കുമരുന്നുകളും കണ്ടെത്തുന്നതിനു പുറമെ പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ലെയ്ക്കയും ബ്രൂസും. ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ നിന്ന് പ്രത്യേക പരിശീലനം നേടിയാണ് ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിൽ ലെയ്ക്ക അംഗമായത്. ഒന്നര വയസാണ് പ്രായം .
രാജാക്കാട് തൊടുപുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ നിന്നാണ് കഞ്ചാവ് ലെയ്ക്ക ഇന്നലെ കണ്ടെത്തിയത്. കഞ്ചാവ് കടത്തുന്ന വിവരമറിഞ്ഞ് പരിശോധനക്കായി തൊടുപുഴ പോലീസിനെ സഹായിക്കാനാണ് ഇടുക്കിയിൽ നിന്ന് ഡോഗ് സ്ക്വാഡും എത്തിയത്. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്ന അടിമാലിയിലെ ഹാഷീഷ് ഓയിൽ കടത്തലിനും തടയിടാനായത് ലെയ്ക്കയുടെ മറ്റൊരു മികവായിരുന്നു.
അടുത്തിടെ അടിമാലിക്ക് സമീപത്തെ കടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത് ബ്രൂസ് ആയിരുന്നു. കുമളി, കന്പംമെട്ട് അതിർത്തി ചെക്കുപോസ്റ്റുകളിലും മയക്കുമരുന്ന് കടത്തലിനു തടയിടാനായുള്ള പ്രത്യേക പരിശോധനകൾക്കായി ഇവയെ ഉപയോഗിക്കുന്നുണ്ട്.
പോലീസ് നായക്കളുടെ കുറ്റാന്വേഷണ വൈഭവം തെളിയിക്കുന്നതിനുള്ള ഡ്യൂട്ടി മീറ്റിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയിരുന്നു ലെയ്ക്ക. ഇനി മീററ്റിൽ നടക്കുന്ന ദേശീയ ഡ്യൂട്ടി മീറ്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. സിവിൽ പോലീസ് ഓഫീസർമാരായ എബിൻ ടി. സുരേഷ്, ഡയസ് ടി. ജോസ് എന്നിവരാണ് ലെയ്ക്കയുടെയും ബ്രൂസിന്റെയും പരിശീലകർ.