തലയോലപ്പറന്പ്: ലിഫ്റ്റിൽ വച്ച് ബന്ധുവായ പതിനേഴുകാരിയോട് അപമര്യാദയായി പെരുമാറിയ എഎസ്ഐയ്ക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ വി.എച്ച്. നാസറിനെതിരേയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസെടുത്തത്.
സംഭവത്തെ തുടർന്ന് വൈക്കം സ്വദേശിയായ ഇയാൾ ഒളിവിലാണ്. കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്തെ ഒരു എൻട്രൻസ് കോച്ചിംഗ് സെന്ററിൽ മകനെ കൊണ്ടുവന്ന് വിടുന്നതിനു എത്തിയതായിരുന്നു ഇയാൾ. രാവിലെ 7.30നു ആരംഭിക്കുന്ന ക്ലാസിൽ 7.45 നാണ് പെണ്‍കുട്ടി എത്തിയത്.
കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലേയ്ക്ക് പോകുന്നതിനായി പെണ്‍കുട്ടി ലിഫ്റ്റിലേക്കു കയറാൻ പോയപ്പോൾ പിന്നാലെ സംസാരിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ലിഫ്റ്റിൽ കയറിയ ശേഷം പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ഈ ഉദ്യോഗസ്ഥൻ ഇതിനു മുന്‍പും ക്രിമിനൽ കേസിലടക്കം പ്രതിയായിട്ടുണ്ട്.