ന്യൂഡൽഹി: താജ്മഹലിന്റെ നിറം മാറുന്നതിൽ ആശങ്കയോടെ സുപ്രീംകോടതി. ഇന്ത്യയിലോ പുറത്തോ ഉള്ള വിദഗ്ധരുടെ സഹായത്തോടെ താജ്മഹലിന്റെ കേടുപാടുകൾ ആദ്യം വിലയിരുത്തിയശേഷം നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസിൽ മേയ് ഒന്പതിന് വീണ്ടും വാദംകേൾക്കും.
ചരിത്രസ്മാരകമായ താജിന്റെ നിറം ക്രമേണ മഞ്ഞയും പിന്നീട് തവിട്ടും പച്ചയുമായി മാറിയെന്ന് ജസ്റ്റീസുമാരായ മദൻ.ബി.ലോകൂർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കാനും സർക്കാരിന്റെ പക്കൽ വിദഗ്ധരുണ്ടോയെന്ന് അറിയില്ല.
അഥവാ വിദഗ്ധരുണ്ടെങ്കിൽ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ല. അല്ലെങ്കിൽ, സർക്കാരിന് താത്പര്യമുണ്ടാവില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എ.എൻ.എസ്. നാദ്കർണിയോട് സുപ്രീംകോടതി പറഞ്ഞു.
കേസിലെ ഹർജിക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ എം.സി. മേത്ത നൽകിയ ചിത്രങ്ങൾ കോടതി പരിശോധിച്ചു. താജിന്റെ പരിപാലനം പുരാവസ്തു വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
അന്തരീക്ഷ മലിനീകരണം, വനനശീകരണം എന്നിവയുടെ ദോഷഫലങ്ങളിൽ നിന്ന് താജിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് മേത്ത സുപ്രീംകോടതിയെ സമീപിച്ചത്. താജിന്റെ ചുറ്റുപാടുമുള്ള വികസന പ്രവർത്തനങ്ങൾ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ്.