കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച് അന്വേഷണം പാതിവഴി പിന്നിട്ടെന്നും കൂടുതൽ തെളിവുകൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം. തെളിവുകളുടെ പരിശോധനയുടെ പശ്ചാത്തലത്തിൽ ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുക്കുമെന്നും സംഘം പറഞ്ഞു.
വരാപ്പുഴ പോലീസ് കസ്റ്റഡി മരണക്കേസിൽ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എ.വി. ജോർജിനെതിരേ പരാമർശമുണ്ടായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ടു ക്രിസ്പിൻ സാം സംഭവസ്ഥലം സന്ദർശിച്ചതും കീഴുദ്യോഗസ്ഥർക്കു നിർദേശങ്ങൾ നൽകിയതും ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണെന്നു റിമാൻഡ് അപേക്ഷയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നത്.
കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഉൾപ്പടെയുള്ള പ്രതികളെ ആർടിഎഫ് അംഗങ്ങളാണു കസ്റ്റഡിയിലെടുത്തത്. ആർടിഎഫ് അംഗങ്ങൾ റൂറൽ എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിച്ചുവന്ന സംഘമാണ്.
തൻമൂലം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുൻ റൂറൽ എസ്പിയിൽനിന്നും ആലുവ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രനിൽനിന്നും ഉടൻ മൊഴിയെടുക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. വിവാദങ്ങളെത്തുടർന്ന് എ.വി. ജോർജിനെ തൃശൂർ പോലീസ് ട്രെയിനിങ് അക്കാദമിയിലേക്കു സ്ഥലം മാറ്റിയിരുന്നു.
സംഭവം നടക്കുന്ന സമയത്ത് ആലുവ ഡിവൈഎസ്പിയായിരുന്ന ആളെന്ന നിലയിലാണു ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെ ചോദ്യം ചെയ്യുക. എന്നാൽ, ഇവരിൽനിന്ന് എപ്പോൾ എവിടെവച്ച് മൊഴിയെടുക്കുന്നത് സംബന്ധിച്ച കൂടുതൽ സ്ഥിരീകരണം നൽകാൻ തയ്യാറാകാത്ത അന്വേഷണ സംഘം വേണ്ടിവന്നാൽ കൂടുതൽ പോലീസുകാരിൽനിന്നും മൊഴിയെടുക്കുമെന്ന സൂചനയും നൽകി.