പുതുക്കാട്: യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിനെ മുംബൈയിൽനിന്നും പോലീസ് പിടികൂടി. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്. മുംബൈയിലെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയശേഷം പ്രതിയെ റോഡ് മാർഗം ശനിയാഴ്ച ഉച്ചയോടെ പുതുക്കാട് എത്തിക്കും.
ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിന്റെ ഭാര്യ ജീതു (29) ആണ് മരിച്ചത്. ഒളിവിൽപോയ ഭർത്താവ് ബിരാജുവിനെ മുംബൈയിലെ ബന്ധുവീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് കുണ്ടുകടവ് റോഡിൽവച്ചാണ് ഇയാൾ ഭാര്യയായ ജീതുവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പൊള്ളലേറ്റ് മെഡിക്കൽകോളജിൽ പ്രവേശിക്കപ്പെട്ട ജീതു ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. കൃത്യം നടത്തിയതിനു ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിൻ കയറി മുംബൈയിലേക്ക് കടക്കുകയായിരുന്നു.
സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽനിന്നാണ് ബിരാജു മുംബൈയിൽ എത്തിയതായി അറിയാൻ കഴിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ബന്ധുവിന്റെ വീട്ടിൽ എത്തിയതായി അറിയാൻ കഴിഞ്ഞു. ഇയാൾ എഴുതിയ ആത്മഹത്യാകുറിപ്പ് വീട്ടിൽനിന്നും പോലീസ് കണ്ടെത്തിയിരുന്നു.
പോലീസിന്റെ സമയോചിതമായ ഇടപെടലുകളിലൂടെയാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പുതുക്കാട് എസ്ഐ ആർ. സുജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.