പത്തനംതിട്ട: നോക്കുകൂലി നിരോധന ഉത്തരവിനെ നോക്കുകുത്തിയാക്കിയ സിഐടിയുക്കാരുടെ നടപടി നേതൃത്വത്തിനു തലവേദന. നോക്കുകൂലി നിരോധന ഉത്തരവിന്റെ ചൂടാറും മുന്പേ പത്തനംതിട്ടയിലെ മല്ലപ്പള്ളി വെണ്ണിക്കുളത്ത് സിഐടിയുക്കാർ കാട്ടിയ നടപടിയെ തള്ളിക്കളയാൻ ഒരുങ്ങുകയാണ് നേതൃത്വം. ഇങ്ങനെയൊരു സംഭവം സംഘടനാ നേതൃത്വത്തിന്റെ ആലോചനയോടെയല്ലെന്നും അംഗീകരിക്കില്ലെന്നും സിഐടിയു ജില്ലാ പ്രസിഡന്റ് കെ.സി. രാജഗോപാലും സെക്രട്ടറി പി.ജെ. അജയകുമാറും വ്യക്തമാക്കി. പത്രവാർത്തയിലൂടെയാണ് വിവരം ശ്രദ്ധയിൽപെടുന്നതെന്നും വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും പങ്കെടുക്കുന്ന സിഐടിയു സംസ്ഥാന ജനറൽ കൗണ്സിൽ നാളെ പത്തനംതിട്ടയിൽ ആരംഭിക്കാനിരിക്കവേയാണ് നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയു പ്രാദേശികഘടകം നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിനു വൈകുന്നേരമാണ് 120 ചതരുശ്ര അടി ഗ്രാനൈറ്റ് ഇറക്കാൻ 13,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ട് വെണ്ണിക്കുളത്ത് സിഐടിയു തൊഴിലാളികൾ രംഗത്തെത്തിയത്.
വെണ്ണിക്കുളം പടുതോട് നാറാണത്ത് രാജു വർഗീസിന്റെ വീടുപണിക്ക് പത്തനംതിട്ടയിൽ നിന്നു വാങ്ങിക്കൊണ്ടുവന്ന ഗ്രാനൈറ്റ് ഇറക്കാനാണ് വെണ്ണിക്കുളത്തെ തൊഴിലാളികൾ എത്തിയത്. ഗ്രാനൈറ്റ് വാങ്ങിയ സ്ഥാപനത്തിൽ നിന്നു വാഹനത്തിൽ തൊഴിലാളികളെയും അയച്ചിരുന്നു. ഇവർ ലോഡിറക്കുന്നത് തടഞ്ഞ് സിഐടിയു തൊഴിലാളികൾ രംഗത്തെത്തുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ 2000 രൂപ നോക്കുകൂലി വാങ്ങി സിഐടിയുക്കാർ സ്ഥലം വിടുകയായിരുന്നു.
നോക്കു കൂലി നിരോധന ഉത്തരവിന്റെ അറിയിപ്പിനൊപ്പം പത്രങ്ങളിൽ കണ്ട ടോൾ ഫ്രീ നന്പരിലേക്കു വിളിച്ച് രാജു പരാതി അറിയിച്ചതിനേ തുടർന്നാണ് ലേബർ ഓഫീസ് ഇടപെട്ടത്. മല്ലപ്പള്ളി അസിസ്റ്റന്റ് ലേബർ ഓഫീസർ എം.എസ്. സുരേഷ് തൊഴിലാളികളുമായി ഫോണിൽ ബന്ധപ്പെട്ട് പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറയില്ല. പത്തനംതിട്ട സ്വദേശിയായ അദ്ദേഹം രാത്രി ഏഴോടെ 25കിലോമീറ്റർ അകലെയുളള തർക്ക സ്ഥലത്ത് നേരിട്ടെത്തി.
നോക്കുകൂലി, അമിതകൂലി നിരോധന ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് തൊഴിലാളികളെ അറിയിക്കുകയും ചെയ്തു. പിന്നീട് തൊഴിലാളികളും വീട്ടുടമയും ലേബർ ഓഫീസറുമായി നടത്തിയ ചർച്ചയെ തുടർന്ന് 2000 രൂപ വാങ്ങി ലോഡിറക്കാൻ അനുവദിക്കുകയായിരുന്നു. രണ്ടായിരം രൂപയ്ക്ക് ലോഡ് ഇറക്കാൻ ധാരണയാവുകയായിരുന്നു.
120 ചതുരശ്ര അടി ഗ്രാനൈറ്റ് ഇറക്കുന്നതിന് 13000 രൂപ ചോദിച്ചത് അന്യായമാണെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ വ്യക്തമാക്കി. തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയാണ് സർക്കാർ നോക്കുകൂലിയും അമിതകൂലിയും നിരോധിച്ചത്. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നു തന്നെയാണ് ലേബർ ഓഫീസിന്റെ നിലപാട്.