തിരുവമ്പാടി: കോടഞ്ചേരി ,തിരുവമ്പാടി വില്ലേജുകളിലെ പട്ടയമുള്ള കൃഷിയിടങ്ങളിൽ കടന്നു കയറി സർവെനടത്താനെത്തിയ ഉദ്യേഗസ്ഥരെ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ ഭാഗത്ത് 1971-72 കാലഘട്ടത്തിൽ പട്ടയം ലഭിച്ച കർഷകരുടെ കൃഷിഭൂമിയിൽ ഏകപക്ഷീയമായി കടന്നു കയറി വനഭൂമിയാക്കി മാറ്റാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു.
ജോയന്റ് വെരിഫിക്കേഷൻ നടത്തണമെന്ന പൊതു ധാരണ നിലനിൽക്കെ ഏകപക്ഷീയമായി സർവെ നടത്തുന്ന നടപടി തുടരാൻ അനവദിക്കില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളെ തുടർന്ന് സർവെ നടപടികൾ നിർത്തിവെക്കാൻ തീരുമാനമായി.ഇനിയും സർവെ നടപടികളുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുന്നോട്ടു പോകുന്ന പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നല്കാൻ കോൺഗ്രസ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
നാളെ ആനക്കാംപൊയിൽ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ കോൺഗ്രസ് പാർട്ടി യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ഏകദിന ഉപവാസ സമരവും ഏഴിന് ബഹുജന മാർച്ചും നടത്തുന്നതിന് കമ്മറ്റി തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ്ടി .സിദ്ദിഖ്, സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, ഫിലിപ്പ് പാമ്പാറ, ബോസ് ജേക്കബ്, പി സി മാത്യു, എം.ടി. അഷ്റഫ് ,അന്നക്കുട്ടി ദേവസ്യ, സണ്ണി കാപ്പാട്ടുമല ,ടോമി കൊന്നക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.