കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഗവ.സ്കൂളുകളുടെ ഭൗതികപശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേരളത്തിലെ ഓരോ മണ്ഡലത്തിലെയും ഒരോ സ്കൂളിനെ വീതം തെരെഞ്ഞെടുത്തിരുന്നു.
കൊയിലാണ്ടി മണ്ഡലത്തില്‍ എംഎല്‍എ ശുപാര്‍ശ ചെയ്ത കൊയിലാണ്ടി ജിവി എച്ച്എസ് സ്കൂളിനാണ് കിഫ്ബി വഴി ആദ്യഘട്ടത്തില്‍ അഞ്ചുകോടി അനുവദിച്ച് ഭരണാനുമതിയും സാമ്പത്തികാനുമതിയും ലഭ്യമായത്. കിഫ്ബി വഴി അനുവദിക്കപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ രൂപീകരിച്ച “കൈറ്റ്’എന്ന കമ്പനി വഴിയാണ് പദ്ധതിയുടെ രൂപരേഖയും ടെന്‍ഡര്‍ അടക്കമുള്ള പ്രവര്‍ത്തികളും നടക്കുന്നത്.
സ്കൂളില്‍ നേരെത്തെ തന്നെ 22 കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖേന തയാറാക്കിയിരുന്നു. കിഫ്ബിക്ക് സമര്‍പ്പിച്ച 7.24 കോടി രൂപയുടെ പ്ലാനിലാണ് കിറ്റ്കോയുടെ പരിശോധന കഴിഞ്ഞ് ഇപ്പോള്‍ രൂപ അനുവദിച്ചിരിക്കുന്നത്.
ഇപ്പോള്‍ ആദ്യഘട്ടം അനുവദിച്ച രൂപയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. കിറ്റ്കൊ, വാപ്കോസ് തുടങ്ങിയ രണ്ട് കൺസൾട്ടൻസി കമ്പനികള്‍ മുഖേനയാണ് കൈറ്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ കിറ്റ്കോ കിഫ്ബിയിലേക്ക് സമര്‍പ്പിക്കുന്ന പ്രവൃത്തികളുടെ ഡിസൈന്‍ അടക്കമുള്ളകാര്യങ്ങള്‍ പരിശോധിച്ച് വേ ണ്ടമാറ്റങ്ങള് വരുത്തി പദ്ധതിക്ക് അന്തിമ രൂപരേഖ നല്കുന്നു. വാപ്കോസ് എന്ന കേന്ദ്ര മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് പദ്ധതിയുടെ പ്രവൃത്തി നടക്കുന്ന സൈറ്റില്‍ വന്ന് പരിശോധിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്.
നേരെത്തെ പൂര്‍ണമായും കെ.ദാസന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും പണം ചെലവഴിച്ച് നിര്‍മിച്ച ജസ്റ്റിസ്. വിആര്‍.കൃഷ്ണയ്യര്‍ സ്മാരക പ്ലസ്ടു ബ്ലോക്കിന്റെ രണ്ടാം നിലയുടെ പ്രവൃത്തിയും, അതിനടുത്തായി പുതിയ യുപി സ്കൂള്‍ ബ്ലോക്കിന്റെ നിര്‍മാണവുമാണ് ആദ്യഘട്ടത്തില്‍ നടക്കുക. പഴയ ചില കെട്ടിടങ്ങള്‍ പൊളിച്ചു കൊണ്ടാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മിക്കുന്നത്. ഇത് പൊളിച്ചുനീക്കാനായി നഗരസഭാ എൻജിനീയറിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
ദേശീയ പാതയിലേക്ക് തുറക്കുന്ന രീതിയിലാണ് സ്കൂളിലേക്കുള്ള പ്രധാന കവാടം നിലവില്‍ വരിക. ഈ ടവര്‍ ഗേറ്റും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് എംഎല്‍എ യുടെ ആസ്തിവികസനനിധിയില്‍ നിന്ന് അനുവദിക്കുന്നതാണ്. കൊയിലാണ്ടിയിലെ ചരിത്രപ്രാധാന്യമുള്ള വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ തുടക്കമാകുന്നത്. സ്കൂളിലെ ഭൗതികപശ്ചാത്തല സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള മാസ്റ്റര്പ്ലാനിനനുസരിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തന്നെ പൂര്‍ത്തിയാകുമെന്ന് എംഎൽഎ അറിയിച്ചു.