സഹപ്രവര്‍ത്തകരെ ചതിക്കുകയാണ് യേശുദാസും ജയരാജും ചെയ്തത്! അവരുടെ ചില്ലരമാരകളിലിരുന്ന് അവരെത്തന്നെ ആ അവാര്‍ഡുകള്‍ ചോദ്യം ചെയ്യും; യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

നാഷണല്‍ ഫിലിം അവാര്‍ഡ് വിവേചനപരമായി നല്‍കാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് ഒരു വലിയ സലാമെന്ന് പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഭൂരിപക്ഷം ചലച്ചിത്രപ്രവര്‍ത്തകരും അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ മാറി നിന്ന യേശുദാസിനേയും ജയരാജിനെയും വിമര്‍ശിച്ചാണ് സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഭരണകൂടത്തിന്റെ ജീര്‍ണ്ണതകളെ എതിര്‍ക്കാതെ അനീതിയെ നേരിട്ട സഹപ്രവര്‍ത്തകരെ ചതിക്കുന്ന രീതിയാണ് ജയരാജിന്റെയും യേശുദാസിന്റെയും നടപടിയെന്നാണ് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞത്. ഈ നടപടിയില്‍ രണ്ടുപേരോടും തനിക്ക് സഹതാപമാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

‘നാഷണല്‍ ഫിലിം അവാര്‍ഡ് വിവേചനപരമായി നല്‍കാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് ഒരു വലിയ സലാം. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ.

അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാര്‍ഡുകള്‍ അവരെയും അവരുടെ അവാര്‍ഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാല്‍ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാര്‍ഡുകള്‍ അധഃപതിക്കും’-എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജയരാജ് രംഗത്തെത്തിയിരുന്നു. ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞു.

 

Related posts