കോൽക്കത്ത: ശുഭ്മൻ ഗില്ലിന്റെ അർധസെഞ്ചുറി മികവിൽ ഐപിഎൽ പോയിന്റ് പട്ടിയിൽ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് വീഴ്ത്തി. 14 പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റിനായിരുന്നു കോൽക്കത്തയുടെ വിജയം. ചെന്നൈ ഉയർത്തിയ 178 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശീയ കോൽക്കത്ത നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
36 പന്തിൽ 57 റണ്‍സ് നേടിയ ശുഭ്മൻ ഗില്ലിന് നായകൻ ദിനേശ് കാർത്തിക് ഉറച്ചുപിന്തുണ നൽകി. 18 പന്തിൽ 45 റണ്‍സായിരുന്നു നായകന്റെ സന്പാദ്യം. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 83 റണ്‍സ് ഗിൽ-കാർത്തിക് കൂട്ടുകെട്ട് അടിച്ചുകൂട്ടി. ക്രിസ് ലിൻ(12), സുനിൽ നരെയ്ൻ(32), റോബിൻ ഉത്തപ്പ(6), ആർ.കെ.സിംഗ്(16) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സന്പാദ്യം.
നേരത്തെ, എം.എസ്. ധോണിയുടെ ബാറ്റ് ഒരിക്കൽക്കൂടി തീ തുപ്പിയപ്പോൾ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സ് നേടി. 25 പന്തിൽ 43 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ധോണിയുടെ കരുത്തിലാണ് ചെന്നൈ മികച്ച സ്കോർ സ്വന്തമാക്കിയത്.
ഷെയ്ൻ വാട്സണും ഡുപ്ലസിസും മികച്ച തുടക്കമാണ് ചെന്നൈയ്ക്കു നല്‍കിയത്. അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 48 റണ്‍സ് നേടി. എന്നാൽ, ആറാം ഓവറിന്റെ ആദ്യ പന്തിൽ പീയൂഷ് ചൗള ഡുപ്ലസിയെ ബൗൾഡാക്കി. 15 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 27 റണ്‍സ് ആയിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ സന്പാദ്യം. സ്കോർ 91ൽ നിൽക്കുന്പോൾ വാട്സണും പുറത്തായി. 25 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 36 റണ്‍സ് നേടിയാണ് വാട്സണ് മടങ്ങിയത്.
പത്ത് റണ്‍സ്കൂടി സ്കോർബോർഡിൽ എത്തിയപ്പോൾ സുരേഷ് റെയ്നയെയും (26 പന്തിൽ 31 റണ്‍സ്) സൂപ്പർ കിംഗ്സിനു നഷ്ടപ്പെട്ടു. 15-ാം ഓവറിന്റെ നാലാം പന്തിൽ അന്പാട്ടി റായിഡു (17 പന്തിൽ 21 റണ്‍സ്) മടങ്ങിയപ്പോൾ ചെന്നൈ സ്കോർ 119. തുടർന്നാണ് ധോണിയുടെ സൂപ്പർ ഫിനിഷിംഗ് കണ്ടത്. രവീന്ദ്ര ജഡേജയെ (12 പന്തിൽ 12 റണ്‍സ്) കൂട്ടുപിടിച്ച് ധോണി സ്കോർ 177ൽ എത്തിച്ചു.