സ്വന്തംലേഖകന്‍
കോഴിക്കോട്: ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചുള്ള പുകമഞ്ഞ് ഐസ്ക്രീമിനെതിരേ ഭക്ഷ്യസുരക്ഷാവിഭാഗം രംഗത്ത്. പുകമഞ്ഞ് ഐസ്ക്രീമിന് പ്രിയമേറുകയും ആരാധര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുവരെ ഐസ്ക്രീം തേടി എത്തുകയും ചെയ്തതോടെയാണ് ദൂഷ്യവശങ്ങള്‍ എത്രത്തോളമുണ്ടെന്നും വില്പന നടത്തുന്നതിനും അത് നിര്‍മിക്കുന്നതിനുമുള്ള മാര്‍ഗരേഖകള്‍ എന്തെല്ലാമാണെന്നതു സംബന്ധിച്ചും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനക്കൊരുങ്ങുന്നത്.
ഇപ്രകാരം ഐസ്ക്രീം വില്‍പ്പന നടത്തിയ രണ്ടു കടകള്‍ കഴിഞ്ഞ ദിവസം ഭക്ഷസുരക്ഷാ വിഭാഗം അടച്ചു പൂട്ടി. ലൈസന്‍സ് ഇല്ലാതെ കടകള്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണു നടപടി സ്വീകരിച്ചതെന്നു ഭക്ഷസുരക്ഷാവിഭാഗം അസി. കമ്മിഷണര്‍ ഏലിയാമ്മ രാഷ്്ട്രദീപികയോടു പറഞ്ഞു.
പുകമഞ്ഞ് ഐസ്ക്രീം വില്പന നടത്തുന്നതിനായുള്ള മതിയായ രേഖകളുമായി സമീപിച്ചാല്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഐസ്ക്രീം നിര്‍മിക്കുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗം നിഷ്കര്‍ഷിക്കുന്ന വിധത്തിലാണോയെന്നതു സംബന്ധിച്ചു പരിശോധന നടത്തേണ്ടതായുണ്ടെന്നും അവര്‍ പറഞ്ഞു.
എന്താണ് ലിക്വിഡ് നൈട്രജന്‍…
പൂജ്യത്തിനും താഴെ ഉന്നത മര്‍ദ്ദത്തില്‍ ദ്രാവകാവസ്ഥയിലെത്തുന്ന നൈട്രജന്‍ വാതകം ആണ് ലിക്വിഡ് നൈട്രജന്‍ . ഉയര്‍ന്ന ചൂട് വളരെ വേഗം വലിച്ചെടുത്ത് തണുപ്പിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. നൈട്രജന്‍ ഗ്യാസിനെ നിശ്ചിത ഊഷ്മാവില്‍ നിശ്ചിത മര്‍ദം ചെലുത്തി മൈനസ് 196 ഡിഗ്രിയില്‍ തണുപ്പിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റുന്നതാണ് നൈട്രജന്‍ ലിക്വിഡ്.
ഐസിനേക്കാളും 196 മടങ്ങ് അധിക തണുപ്പാണ് ഇതിനുണ്ടാവുക. അതിനാല്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍, എംആര്‍ഐ സ്കാനര്‍, മെഗലേവ് ട്രയിനുകള്‍ തുടങ്ങിയവയുടെ ഭാഗങ്ങള്‍ തണുപ്പിക്കുന്നതിനായി ലിക്വിഡ് നൈട്രജനാണ് ഉപയോഗിക്കുന്നത്.
വ്യാവസായിക ആവശ്യങ്ങള്‍ക്കും ലബോറട്ടറികളീലുമൊക്കെ ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നുണ്ട്. സെക്കന്‍ഡുകള്‍ക്കകം ഭക്ഷണ പദാര്‍ത്ഥങ്ങളെ തണുപ്പിച്ചെടുക്കാമെന്നതിനാലാണ് ലിക്വിഡ് നൈട്രജന്‍ ഇപ്പോള്‍ അടുക്കളകളില്‍ സ്ഥാനം പിടിച്ചത്.
ഭക്ഷണ സാധനങ്ങള്‍ക്ക് ചുറ്റും പരന്നൊഴുകുന്ന പുകമഞ്ഞ് ആകര്‍ഷണീയമായതിനാല്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗം വര്‍ധിക്കുകയും വില്പനയുടെ പുതിയ തന്ത്രമായി ഉപയോഗിക്കുകയുമാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത വസ്തുക്കള്‍ കഴിക്കുമ്പോള്‍ പുകവലിക്കാരെ പോലെ പുറത്തേക്ക് പുക വിടാമെന്ന പരസ്യം നല്‍കിയാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
ഐസ്ക്രീമിനു മൃദുത്വം കൂടും…
ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കുമ്പോള്‍ സാധാരണ നിര്‍മിക്കുന്ന ഐസ്ക്രീമുകളില്‍ നിന്നും വ്യത്യസ്തമായി ഐസ്ക്രീമിനു മൃദുത്വം കൂടും. 195 ഡിഗ്രി തണുപ്പുള്ള ലിക്വിഡ് നൈട്രജന്‍ ഐസ്ക്രീം മിശ്രിതത്തിലേക്ക് ഒഴിക്കുമ്പോള്‍ വളരെ പെട്ടന്ന് തന്നെ അതിലെ ചൂടിനെ വലിച്ചെടുക്കുന്നതിനാല്‍ മിശ്രിതം തണുത്തുറഞ്ഞ് ഐസ്ക്രീം ആയി മാറുന്നു.
ഐസ് തരികളുടെ വലിപ്പം സാധാരണ ഐസ്ക്രീമിനേക്കാള്‍ വളരെ ചെറുതായിരിക്കുമെന്നതിനാല്‍ സ്വാഭാവികമായും മൃദുത്വം കൂടുതലായിരിക്കും. ഇതാണ് പുകയുന്ന ഐസ്ക്രീമിന് ആരാധകര്‍ കൂടാന്‍ കാരണം.
ഉപയോഗം മരണത്തിനു വരെ കാരണമാവും
അതേസമയം ലിക്വിഡ് നൈട്രജന്‍ സൂക്ഷിച്ച് കൈകര്യം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അവയുടെ ഉപയോഗം മരണത്തിനു വരെ കാരണമാവും. അതേസമയം കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത് തണുപ്പിച്ച പുകയുന്ന കോക്ള്ടെയില് ഡ്രിങ്ക് കഴിച്ചതിനെ തുടര്‍ന്നു ആമാശയത്തില്‍ വലിയൊരു ദ്വാരം വീഴുകയും തുടര്‍ന്നു യുവാവ് മരിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ബാറൂകളിലും പാര്‍ട്ടികളിലും മറ്റും ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നതില്‍ അന്ന് വിലക്കുണ്ടായിരുന്നു.
ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത വസ്തുക്കളില്‍ അപ്പോള്‍ തന്നെ സ്പര്‍ശിക്കുമ്പോള്‍ ശരീര കോശങ്ങളീല്‍ നിന്നും അവ ചൂടിനെ പെട്ടന്ന് തന്നെ വലിച്ചെടുത്ത് അവിടം മരവിപ്പിക്കും. അതിനാല്‍ ലിക്വിഡ് നൈട്രജന്‍ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ദിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് പെട്ടന്ന് തണുപ്പിച്ചെടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ നൈട്രജന്‍ മുഴുവനായും വാതകമായി പോകുന്നതിനു മുന്‍പ് അത് വായിലേക്ക് ഒഴിക്കുന്നതോ സ്പര്‍ശിക്കുന്നതോ അപകടത്തിനു കാരണമാവും.