കോട്ടയം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് കനത്ത അവഗണനയാണു നേരിടുന്നതെന്നും കേരളത്തിൽ എൻഡിഎ ഒരു കാലത്തും ഗുണംപിടിക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
കഴിഞ്ഞ തവണ ബിഡിജെഎസിന്റെ പിന്തുണകൊണ്ടാണു ബിജെപിക്കു വോട്ടു കൂടിയത്. കേരളത്തിൽ എൻഡിഎ ശക്തിപ്പെടാത്തത് ബിജെപിയുടെ പിടിപ്പുകേടാണ്. സംസ്ഥാനത്ത് എൻഡിഎ ഒരു കാലത്തും ഗുണംപിടിക്കില്ല. മുന്നണിക്ക് അകത്ത് ബിഡിജെഎസ് കനത്ത അവഗണനയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽനിന്നു നേരിടുന്നത്- വെള്ളാപ്പള്ളി പറഞ്ഞു.
ഇനി എന്തു സ്ഥാനങ്ങൾ കിട്ടിയാലും പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടായ മുറിവ് ഉണങ്ങില്ലെന്നും എൻഡിഎ സംവിധാനം ചെങ്ങന്നൂരിൽ ഫലപ്രദമാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.