ചെങ്ങന്നൂർ: തോൽവിയിൽ ആരും തകർക്കാത്ത റിക്കാർഡ് സ്വന്തമാക്കാൻ ഡോ. പദ്മരാജൻ ചെങ്ങന്നൂരിലുമെത്തി.ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്നലെ നാമനിർദേശ പത്രികയും സമർപ്പിച്ചു.
കണ്ണൂർ സ്വദേശിയും തമിഴ്നാട്ടിലെ സേലത്തു താമസക്കാരനുമായ ഡോ. കെ. പദ്മരാജൻ(60) 1988ൽ, മുപ്പതാം വയസിൽ ആരംഭിച്ച മത്സരമാണ് ഇപ്പോഴും തുടരുന്നത്. ഹോമിയോ ഡോക്ടർകൂടിയായ പദ്മരാജൻ 196 തെരഞ്ഞെടുപ്പുകളിൽ ഇതുവരെ മത്സരിച്ചിട്ടുണ്ട്.
എതിരാളികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻപ്രധാനമന്ത്രിമാരായ എ.ബി. വാജ്പേയി, പി.വി. നരസിംഹറാവു, തമിഴ്നാട് മുഖ്യമന്ത്രിമാരായ ജെ. ജയലളിത, എം.കരുണാനിധി തുടങ്ങിയ പേരുകാരും.
ഒരു തവണയെങ്കിലും ജയിച്ചുപോയാൽ തന്റെ ലക്ഷ്യം നടക്കാതെപോകുമെന്നാണ് ഇദ്ദേഹം പറയുന്നത്. പത്രികസമർപ്പിച്ചശേഷം തമിഴ്നാട്ടിലേക്ക് മടങ്ങി. ഒരു സെറ്റ് പത്രികയാണ് വരണാധികാരി കൂടിയായ ചെങ്ങന്നൂർ ആർ ഡിഒ എം.വി. സുരേഷ്കുമാർ മുന്പാകെ ഇന്നലെ രാവിലെ 11.10ന് പദ്മരാജൻ സമർപ്പിച്ചത്.