പത്തനംതിട്ട: നോക്കുകൂലി നിരോധന ഉത്തരവിനെ നോക്കുകുത്തിയാക്കിയ സിഐടിയുക്കാരുടെ നടപടി സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വത്തിനു തലവേദന. നോക്കുകൂലി നിരോധന ഉത്തരവിന്റെ ചൂടാറും മുന്‍പേ മല്ലപ്പള്ളി വെണ്ണിക്കുളത്ത് സിഐടിയുക്കാർ കാട്ടിയ നടപടിയെ തള്ളിക്കളയാൻ ഒരുങ്ങുകയാണ് നേതൃത്വം.
ഇങ്ങനെയൊരു സംഭവം സംഘടനാ നേതൃത്വത്തിന്റെ ആലോചനയോടെയല്ലെന്നും അംഗീകരിക്കില്ലെന്നും സിഐടിയു ജില്ലാ പ്രസിഡന്റ് കെ.സി. രാജഗോപാലും സെക്രട്ടറി പി.ജെ. അജയകുമാറും വ്യക്തമാക്കി. പത്രവാർത്തയിലൂടെയാണ് വിവരം ശ്രദ്ധയിൽപെടുന്നതെന്നും വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും പങ്കെടുക്കുന്ന സിഐടിയു സംസ്ഥാന ജനറൽ കൗണ്‍സിൽ ഇന്ന് പത്തനംതിട്ടയിൽ ആരംഭിക്കാനിരിക്കവേയാണ് സംഭവവികാസങ്ങൾ.
തൊഴിലാളി ദിനമായ മേയ് ഒന്നിനു വൈകുന്നേരമാണ് 120 ചതരുശ്ര അടി ഗ്രാനൈറ്റ് ഇറക്കാൻ സിഐടിയു തൊഴിലാളികൾ13,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്. വെണ്ണിക്കുളം പടുതോട് നാറാണത്ത് രാജു വർഗീസിന്റെ വീടുപണിക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. വാങ്ങിയ സ്ഥാപനത്തിൽ നിന്നു വാഹനത്തിൽ തൊഴിലാളികളെയും അയച്ചിരുന്നു.
ഇവർ ലോഡിറക്കുന്നത് തടഞ്ഞ് സിഐടിയു തൊഴിലാളികൾ രംഗത്തെത്തുകയായിരുന്നു. അസിസ്റ്റന്റ് ലേബർ ഓഫീസർ നടത്തിയ ചർച്ചയും ഫലം കാണാതെ വന്നപ്പോൾ വീട്ടുടമയിൽ നിന്ന് 2000 രൂപ നോക്കുകൂലി വാങ്ങി സിഐടിയുക്കാർ സ്ഥലം വിടുകയായിരുന്നു. എന്നാൽ നോക്കുകൂലി വാങ്ങിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ലേബർ ഓഫീസിന്റേത്.