ഹരിപ്പാട്: പോലീസിനെ ആക്രമിച്ചെന്ന കേസിൽ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് നീണ്ടൂർ കളീയ്ക്കൽ കിഴക്കതിൽ മായ(40)യാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്ത് കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പോലീസിനെ ആക്രമിച്ചെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. മായയെ കോടതി 17 വരെ റിമാൻഡ് ചെയ്തു.
നേരത്തേ അറസ്റ്റിലായിരുന്ന ഇവരുടെ ഭർത്താവ് അശോക് കുമാറിന് ഹരിപ്പാട് കോടതി ജാമ്യം അനുവദിച്ചിരുന്നു. അശോക് കുമാർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിലാണ് ഭാര്യ അറസ്റ്റിലായത്. അശോക് കുമാറും സഹോദരനും തമ്മിൽ വർഷങ്ങളായി സ്വത്തു തർക്കം നിലവിലുണ്ട്. ഇത് സംബന്ധിച്ച് കേസുകൾ നിലവിലുണ്ട്.
ഇതിനിടയിൽ സഹോദര ഭാര്യയെ ആക്രമിച്ചെന്ന കേസിൽ അശോക് കുമാറിനെ അറസ്റ്റ് ചെയ്യുവാനെത്തിയപ്പോഴാണ് ഇവർ തമ്മിൽ പിടിവലിയുണ്ടായത്. പോലീസിനെ കണ്ട് ഭയന്നോടിയ അശോകനെ ഓടിച്ചിട്ടു പിടികൂടി വലിച്ചിഴച്ചു പോലീസ് ജീപ്പിലിട്ടു കൊണ്ടു പോകുകയായിരുന്നു. ഈ ദൃശ്യം മൊബൈലിൽ പകർത്തിയ മായയുടെ കൈയ്യിൽ നിന്ന് പോലീസ് മൊബൈൽ തട്ടിപ്പറിച്ചു.
പിടിവലിക്കിടയിൽ മായയുടെ ശരീരത്തിൽ പോറലുകളും പരിക്കുകളുമേറ്റിരുന്നു. അശുപത്രിയിൽ ചികിത്സയിലായിരുന്ന മായയെ നിർബ്ബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിച്ച് അറസ്റ്റ് ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇരുവർക്കും വിദഗ്ദ്ധ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടിട്ട് ലഭ്യമാക്കിയില്ല.
അശോക് കുമാറിന് ഇപ്പോഴും ശരീരത്ത് നീർക്കെട്ടും മൂത്രതടസവുമുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മായയെ കാണുവാനോ പ്രമേഹരോഗിയായ ഇവർക്ക് ആവശ്യമായ മരുന്നുകൾ കൊടുക്കുവാനോ ബന്ധുക്കളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. റവന്യു ജീവനക്കാരനായ അശോകനെ പോലീസ് മർദ്ദിച്ചതിനെതിരേ ജീവനക്കാരുടെ സംഘടന പ്രക്ഷോഭത്തിലാണ്.