പള്ളുരുത്തി: ജോലി തേടി ബഹ്റിനിലെത്തിയശേഷം കഴിഞ്ഞ നാൽപതു വർഷമായി കാണാമറയത്തായിരുന്ന പള്ളുരുത്തി സ്വദേശിയെക്കുറിച്ചു ബന്ധുക്കൾക്കു വിവരം ലഭിച്ചു. പള്ളുരുത്തിയിലെ പുന്നക്കാട്ടുശേരി പരേതരായ സേവ്യർ-സിസിലി ദന്പതികളുടെ മകൻ പൊന്നൻ എന്ന പോൾ സേവ്യറിനെ ബഹ്റിനിലെ ആശുപത്രിയിൽ കണ്ടെത്തിയെന്നാണു വിവരം.
പതിനെട്ടാം വയസിൽ ബഹ്റിനിലേക്കു പോയ പൊന്നൻ പിന്നെ തിരിച്ചു വന്നിട്ടില്ല. അവിടെ എത്തിയ ശേഷം ആദ്യ മൂന്നു വർഷം കത്തുകൾ അയച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാല്പതു കൊല്ലമായി പൊന്നനെക്കുറിച്ച് വീട്ടുകാർക്ക് ഒരു വിവരവുമില്ല. ജോലി ചെയ്ത സ്ഥലത്തെ അറബി പാസ്പോർട്ട് തിരിച്ചു നൽകിയില്ല എന്ന കാര്യം മാത്രമാണു വീട്ടുകാർക്ക് ആകെ അറിയാമായിരുന്നത്.
പൊന്നനെക്കുറിച്ചു ബന്ധുക്കൾ പലരീതിയിൽ ബഹ്റിനിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടെ കഴിഞ്ഞയാഴ്ച ബഹ്റിനിലെ മലയാളി സംഘടനാ പ്രവർത്തകരായ നിസാർ കൊല്ലവും സിയാദ് ഏഴങ്കുളവും സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പൊന്നനെ കണ്ടെത്തുകയായിരുന്നു. തലയ്ക്കു മാരകമായ മുറിവേറ്റ് ഓർമ നഷ്ടപ്പെട്ട നിലയിൽ കഴിഞ്ഞ ഏഴു വർഷമായി ആശുപത്രിയിൽ കഴിയുകയാണു പൊന്നനെന്നു പറയുന്നു.
പൊന്നന്റെ ചിത്രം സഹിതം വിദേശ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊന്നനെക്കുറിച്ചു വീട്ടുകാർ അറിയുന്നത്. വിവരം നൽകിയ സംഘടനാ പ്രവർത്തകരെ നാട്ടിലുള്ള പൊന്നന്റെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു. വീട്ടിൽ ലഭ്യമായ പൊന്നന്റെ വിവരങ്ങൾ ബന്ധുക്കൾ ബഹ്റിനിലെ അയച്ചു നൽകിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി എത്രയുംവേഗം പൊന്നനെ നാട്ടിലെത്തിക്കാമെന്ന വിശ്വാസത്തിലാണു ബന്ധുക്കൾ.