സ്വന്തംലേഖകൻ
തൃശൂർ: വർഷങ്ങൾക്കു മുന്പ് നിർമാണം പൂർത്തിയാക്കേണ്ട ആറുവരിപാത-തുരങ്ക നിർമാണങ്ങൾ ഇഴഞ്ഞു നീങ്ങിയിട്ടും സംസ്ഥാന സർക്കാർ ഇടപെടാതെ മാറി നിൽക്കുന്നു.
സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആക്കം കൂട്ടുന്ന മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാത നിർമാണവും കുതിരാനിലെ തുരങ്ക നിർമാണവും അവസാന ഘട്ടത്തിലെത്തിയിട്ടും നിർമാണ തടസം നീക്കാൻ വേണ്ടത്ര ഇടപെടലില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുതിരാനിലെ ഒരു തുരങ്കത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
അടുത്ത തുരങ്കത്തിന്റെ നിർമാണവും പൂർത്തിയാക്കാൻ അധികം നാളുകൾ വേണ്ടെന്നിരിക്കെയാണ് നിസാര പ്രശ്നങ്ങളുടെ പേരിൽ പണികൾ മുടങ്ങിയിരിക്കുന്നത്.
ആറുവരി പാതയിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേശിയ പാത അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. അടിപ്പാതയില്ലാത്ത പല സ്ഥലങ്ങളിലും അടിപ്പാതയ്ക്കുവേണ്ടി ജനകീയ സമരങ്ങൾ നടത്തിയപ്പോൾ അതിലിടപ്പെട്ട് പരിഹാരം കാണാൻ വൈകിയതാണ് ആറുവരി പാതയുടെ നിർമാണം വൈകാൻ കാരണം.
സ്ഥലമേറ്റെടുത്ത് നൽകുന്നതിലും അനാസ്ഥ കാണിച്ചത് പ്രതിസന്ധിക്ക് കാരണമായി. പട്ടിക്കാട്, മുടിക്കോട്, മുളയം റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് സമരങ്ങൾ അരങ്ങേറിയത്. പട്ടിക്കാട് നേരത്തെ തന്നെ അടിപ്പാത നിർമാണം നടത്താൻ അനുമതി നൽകിയിരുന്നതാണെങ്കിലും ഇതുവരെ പണികൾ പൂർത്തിയായിട്ടില്ല.
ഇതിനിടെ പട്ടിക്കാട് സെന്ററിൽ നിർമിക്കുന്ന അടിപ്പാതയുടെ ഉയരം സംബന്ധിച്ച് പഞ്ചായത്ത ഭരണ സമിതിയും നാട്ടുകാരും തമ്മിൽ തർക്കം നിലനിന്നതോടെ നിർമാണം തുടങ്ങാനും വൈകി. പട്ടിക്കാടും പീച്ചി വളവിലും ഇനിയും അടിപ്പാത നിർമാണം എങ്ങുമെത്തിയിട്ടില്ല. ഈ ഭാഗത്ത് റോഡും തകർന്ന നിലയിലാണ്. ഇതു മൂലം അപകടങ്ങളും നിത്യ സംഭവങ്ങളായി മാറുകയാണിപ്പോൾ.
മുടിക്കോട് അടിപ്പാത നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിർമാണ ജോലികൾ തുടങ്ങിയിട്ടില്ല. മുളയം റോഡ് ജംഗ്ഷനിലും അടിപ്പാത നിർമാണം കരാർ കന്പനി തുടങ്ങിയിട്ടില്ല. നിർമാണ ജോലികൾ എത്ര വൈകിയാലും ആരും ചോദിക്കാനില്ലാത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
ജനങ്ങളെ ദുരിതത്തിലാക്കുന്ന രീതിയിൽ റോഡ് നിർമാണം നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം. വടക്കഞ്ചേരി മുതൽ പാലക്കാട് വരെയുള്ള റോഡിന്റെ നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായി. മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിർമാണം മാത്രമാണ് ഇത്തരത്തിൽ വൈകുന്നത്.
ഈ റോഡിന്റെ നിർമാണം കൂടി പൂർത്തിയായാൽ ഇതൊരു വ്യവസായ ഇടനാഴികയായി മാറുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിർമാണ പ്രതിസന്ധി തീർക്കാൻ സർക്കാർ ഇടപെടുന്നുമില്ല.