ചാലക്കുടി: നിക്ഷേപകരിൽ നിന്നും കോടികളുടെ ഡെപ്പോസിറ്റ് വാങ്ങി തട്ടിപ്പ് നടത്തിയ ഫിനോമിനൽ കന്പനിയുടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനം എറണാകുളത്തേക്ക് മാറ്റി. ഫിനോമിനൽ കന്പനിയുടെ സൗത്ത് ജംഗ്ഷനിലെ ഓഫീസിലായിരുന്നു ക്രൈംബ്രാഞ്ച് ക്യാന്പ് ചെയ്തിരുന്നത്.
എന്നാൽ വൈദ്യുതി കുടിശിക ആയതിനാൽ ഫിനോമിനൽ ഓഫീസിന്റെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇതിനെ തുടർന്നാണ് എറണാകുളം ലിസി ജംഗ്ഷനിലുള്ള ആൽസിയ ബിൽഡിംഗിലേക്ക് ക്യാന്പ് ഓഫീസ് മാറ്റിയത്. ഓഫീസ് മാറ്റിയാലും ഫിനോമിനൽ ഓഫീസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.
ഫിനോമിനൽ കന്പിനിയിൽ പണം നിക്ഷേപിച്ചവർ പണം മടക്കികിട്ടേണ്ട കാലാവധി എത്തുന്പോൾ ഇപ്പോഴും ഇവിടെ പരാധിയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി ക്രൈംബ്രാഞ്ച് ഇവിടെ ക്യാന്പ് ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കേസിലെ പ്രതികളായ മൂന്ന് ഡയറക്ടർമാർ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. പ്രധാന പ്രതികളായ കന്പനിയുടെ മാനേജിംഗ് ഡയറക്ടർ എൻ.കെ. സിംഗ്, കേരളത്തിന്റെ ചുമതലയുള്ള റാഫേൽ തുടങ്ങിയവർ ഇപ്പോഴും ഒളിവിലാണ്. കന്പനി ഡയറക്ടർമാരുടെ സ്വത്തുക്കൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ട്.