കോഴിക്കോട്: റാംമോഹന് റോഡില്‍ ബഹുനില കെട്ടിടത്തിന്റെ നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്നു. ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. സമീപത്തെ ബഹു നിലകെട്ടിടത്തിന്റെ തൊട്ടടുത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇത് ഈ കെട്ടിടത്തിനും ഭീഷണിയായി മാറിയിട്ടുണ്ട്.
20 അടിയോളം താഴ്ചയിലാണ് കെട്ടിടത്തിനായി മണ്ണെടുത്തത്. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കെട്ടിടത്തില്‍ നിന്നും ഇന്നലെ പോലീസ് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇനിയും മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കെയാണ് പോലീസ് ആളുകളെ മാറ്റിയത്. കെഡിസി ബാങ്കടക്കം നിരവധി സ്ഥാപനങ്ങള്‍ ആ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മഴപെയ്ത് മണ്ണ് കുതിര്‍ന്നതിനാല്‍ ഇനിയൊരു മണ്ണിടിച്ചിലുണ്ടായാല്‍ ആ ബഹുനില കെട്ടിടത്തിനെ ബാധിക്കുമെന്നാണ് ഫയര്‍ഫോഴ്സും പറയുന്നത്. മണ്ണിടിച്ചില്‍ ഇനിയുമുണ്ടാവുമെന്നതിനെ തുടര്‍ന്നു സമീപത്തെ ഭിത്തി പലകകൊണ്ടുറപ്പിച്ച ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം പോലും നടത്താനായത്.
പാര്‍ശ്വഭാഗങ്ങള്‍ ശക്തിപ്പെടുത്താതെ നിര്‍മാണപ്രവൃത്തിക്കായി മണ്ണെടുത്തത് ദുരന്തത്തിനിടയായെന്ന് പ്രാഥമിക നിഗമനം.സംഭവത്തില്‍ ഉടമയ്ക്കും കരാറുകാരനുമെതിരെ കേസെടുത്തിട്ടുണ്ട് . മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികളില്‍ വീഴ്ചയുണ്ടെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കും.
നിര്‍മാണപ്രവൃത്തി സംബന്ധിച്ച രേഖകളില്‍ അപാകതയില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ജില്ലാകളക്ടര്‍ യു.വി. ജോസ് പറഞ്ഞു.