മുള്ളേരിയ: ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നാലു പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനു പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.അഡൂർ എടപ്പറന്പയിലെ രാധാകൃഷ്ണൻ (40), ഭാര്യ പ്രസീത(31), മക്കളായ ശബരീനാഥ്(13) കാശിനാഥ് (5) എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ രാധാകൃഷ്ണൻ സാന്പത്തികമായി വളരെ പ്രയാസങ്ങൾ അനുഭവിച്ചുവന്നതായി അയൽവാസികൾ പറയുന്നു. അതേസമയം ഭാര്യയോടും മക്കളോടും ഏറെ സ്നേഹം പുലർത്തിയിരുന്ന രാധാകൃഷ്ണൻ എന്തിനാണീ കടുംകൈ ചെയ്തതെന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. അരും കൃത്യത്തിന്റെ ഞെട്ടലിലാണ് അതിർത്തി ഗ്രാമമായ അഡൂർ. രാധാകൃഷ്ണൻ ഇന്നലെ വൈകുന്നേരം ആറോടെ തന്റെ ഒറ്റ മുറിയുള്ള കൊച്ചു വീട്ടിലെത്തിയതിനു ശേഷം ഏറെ സന്തോഷവാനായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.
പിന്നീട് രാത്രി എട്ടായിട്ടും വീടിനുള്ളിൽ വെളിച്ചം കാണാത്തതിനെതുടർന്ന് സ്ഥിരമായി വീട്ടിലെത്താറുള്ള രാധാകൃഷ്ണന്റെ സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോൾ ഒറ്റ മുറിയുള്ള വീടിനുള്ളിൽ നാലു പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിഐമാരായ എം.എ.മാത്യു, ബാബു പെരിങ്ങയത്ത്, എസ്ഐമാരായ രാജീവ്കുമാർ, രാജൻ, ദാമോദരൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തിയത്.
ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം വിരലടയാള വിദഗ്ധർ എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു.കുഞ്ഞിക്കണ്ണ മണിയാണി-യശോദ ദന്പതികളുടെ മകനാണ് രാധാകൃഷ്ണൻ. സഹോദരങ്ങൾ: ഉദയൻ, സഞ്ജയൻ, പ്രേമലത. പരേതനായ കൊട്ടൻ മണിയാണി-യശോദ ദന്പതികളുടെ മകളാണ് പ്രസീത. സഹോദരൻ: പ്രദീപ്.