കഠുവ പെണ്‍കുട്ടിയ്ക്ക് താന്‍ മുത്തച്ഛനെപ്പോലെയായിരുന്നു! അതുകൊണ്ട് ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തനിക്കും നല്‍കണം; കഠുവ ബലാത്സംഗ കേസിലെ മുഖ്യപ്രതി സഞ്ജി റാം പറയുന്നു

കഠുവ പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെപ്പോലെയായിരുന്നെന്ന് മുഖ്യപ്രതി സഞ്ജി റാം. അതുകൊണ്ട് ഇരയ്ക്കു നല്‍കുന്ന അതേ പരിഗണന ആരോപണ വിധേയരായ തങ്ങള്‍ക്കും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സഞ്ജി റാം ഇങ്ങനെ പറയുന്നത്.

താന്‍ നിരപരാധിയാണെന്നു പറഞ്ഞ അദ്ദേഹം കേസ് സി.ബി.ഐയ്ക്കു വിടണമെന്നും അതുവഴി ‘യഥാര്‍ത്ഥ പ്രതികളെ’ പിടികൂടാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു. എട്ട് പ്രതികളുടെ വിചാരണ ചണ്ഡീഗഢിലേക്കു മാറ്റാനാവശ്യപ്പെട്ടുള്ള ഹര്‍ജിയേയും അദ്ദേഹം എതിര്‍ത്തു. 221 സാക്ഷികളുണ്ട്.

കഠുവയില്‍ നിന്നും 265 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഢിലേക്ക് അവരെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു പറഞ്ഞ അദ്ദേഹം വിചാരണ ചണ്ഡീഗഢിലേക്കു മാറ്റാന്‍ ഒരു കാരണവുമില്ലെന്നും വാദിച്ചു.

കഠുവ പെണ്‍കുട്ടിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മകന് ലൈംഗിക പീഡനത്തില്‍ പങ്കുള്ളതിനാലാണ് പെണ്‍കുട്ടിയെ കൊലചെയ്യാന്‍ തീരുമാനിച്ചതെന്നും സഞ്ജി റാം പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ജനുവരി പത്തിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. അതേദിവസം തന്നെ സഞ്ജി റാമിന്റെ മരുമകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജനുവരി 14നാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. ജനുവരി 17ന് കാട്ടില്‍വെച്ചാണ് എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

സഞ്ജി റാമും മകനും, പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഞ്ജി റാമിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറു ക്ഷേത്രത്തിലെ ദേവസ്ഥാനില്‍വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Related posts