ദോഹ: ഇന്ത്യൻ താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയിൽ സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡ് തിരുത്തി. ദോഹ ഡയമണ്ട് ലീഗ് സീരീസിൽ 87.43 മീറ്റര്‍ എറിഞ്ഞാണ് ചരിത്രം തിരുത്തിയത്. എന്നാൽ മെഡൽ നേടാൻ താരത്തിനായില്ല.
ആദ്യ മൂന്ന് സ്ഥാനങ്ങളും ജര്‍മന്‍ താരങ്ങളാണ് നേടിയത്. ഒളിമ്പിക് ചാമ്പ്യൻ തോമസ് റോഹ്ലർ(91.78 മീറ്റർ) സ്വർണം നേടി. ലോക ചാമ്പ്യൻ ജോഹാനെസ് വെറ്റർ(91.56 മീറ്റർ) വെള്ളിയും ആന്ദ്രേസ് ഹോഫ്മാൻ(90.08) വെങ്കലവും സ്വന്തമാക്കി.
രണ്ടു വർഷം മുൻപ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് നേടി ശ്രദ്ധേയനായ ചോപ്ര ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ 86.47 മീറ്റർ പിന്നിട്ട് സ്വർണം നേടിയിരുന്നു.