ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങു സംബന്ധിച്ച വിവാദങ്ങളിൽ രാഷ്ട്രപതിക്ക് അതൃപ്തി. വിവാദങ്ങളിലേക്ക് രാഷ്ട്രപതിയുടെ പേര് വലിച്ചിഴച്ചതിലുള്ള അതൃപ്തി രാഷ്ട്രപതിഭവൻ പ്രധാനമന്ത്രിയുടെ ഒാഫീസിനെ അറിയിച്ചു. സംഭവത്തിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് പിഴവ് പറ്റിയെന്ന് രാഷ്ട്രപതിഭവനിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മണിക്കൂർ മാത്രമേ പുരസ്കാര ചടങ്ങിൽപങ്കെടുക്കുകയുള്ളു എന്ന കാര്യം ഏപ്രിൽ ആദ്യത്തെ ആഴ്ച കേന്ദ്ര വാർത്തവിനിമയ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഈ സമയത്തിനുള്ളിൽ ഏതൊക്കെ പുരസ്കാരമാണ് നൽകേണ്ടതെന്ന കാര്യം അറിയിക്കാനും നിർദേശിച്ചിരുന്നു.
എന്നാൽ മേയ് ഒന്നിനുമാത്രമാണ് കേന്ദ്ര വാർത്തവിനിമയ സെക്രട്ടറി എൻ.കെ സിൻഹ രാഷ്ട്രപതിഭവനിലെത്തി പ്രസിഡന്റിന്റെ സെക്രട്ടറി സഞ്ജയ് കോത്താരിയെ കണ്ട് 11 പേരുടെ വിവരം കൈമാറിയത്. ഇക്കാര്യം ഇരുവരും ചേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അറിയിക്കുകയും ചെയ്തു.
എന്നാൽ അവസാന നിമിഷത്തെ മാറ്റമായി വാർത്തവിനിമയ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നു. ഇതിലൂടെ രാഷ്ട്രപതി ഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയായിരുന്നെന്നും രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഒാഫീസനെ അറിയിച്ചു.
എന്നാൽ സംഭവങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഒാഫീസോ വാർത്തവിനിമയ പ്രക്ഷേപണ മന്ത്രാലയമോപ്രതികരിച്ചിട്ടില്ല. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ റിപ്പബ്ലിക് ദിന പരിപാടികളൊഴികെയുള്ള പരിപാടികളിൽ ഒരു മണിക്കൂറിൽ കൂടുതൽ പങ്കെടുക്കാറില്ലെന്നും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥൻ ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ പ്രതിഷേധവും ബഹിഷ്കരണവുമുണ്ടാകുന്നത്. 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മുഴുവൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യാത്തതിനാലാണ് പുരസ്കാര ജേതാക്കളായ 55 പേർ ചടങ്ങിൽ നിന്നു വിട്ടു നിന്നത്. രാഷ്ട്രപതി നേരിട്ടു നൽകുന്നതായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ കീഴ്വഴക്കം.
എന്നാൽ, അവാർഡുകൾ രണ്ടായി വിഭജിച്ചു പതിനൊന്നെണ്ണം രാഷ്ട്രപതിയും ബാക്കി മന്ത്രിയും നൽകാനുള്ള തീരുമാനത്തിനെതിരേയാണു പ്രതിഷേധം ഉയർന്നത്. പുരസ്കാരങ്ങൾ എല്ലാം തന്നെ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണു ജേതാക്കളെ നേരത്തേ അറിയിച്ചിരുന്നത്.
ബുധനാഴ്ച ചടങ്ങിന്റെ റിഹേഴ്സൽ നടക്കുന്നതിനിടെയാണു വഴക്കം മാറ്റിയത് അറിയിച്ചത്. നിർമാതാക്കളും സംവിധായകരും താരങ്ങളും ഉൾപ്പെടെ മലയാളത്തിൽനിന്നുള്ളവരാണു പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നത്.
രാഷ്ട്രപതി ഭവന്റെ വിശദീകരണം വന്നതോടെ വെട്ടിലായിരിക്കുന്നത് കേന്ദ്ര വാർത്തവിനിമയ പ്രക്ഷേപണ മന്ത്രാലയവും സ്മൃതി ഇറാനിയുമാണ്. അവസാന നിമിഷമംപുരസ്കാര ജേതാക്കളെ മാറ്റം സംബന്ധിച്ച വിവരം അറിയിച്ചതാണ് വിവാദത്തിന് തുടക്കമായത്. ഏപ്രിൽ ആദ്യവാരം മാറ്റം സംബന്ധിച്ച വിവരം വാർത്തവിനിമയ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചതായ കാര്യം പുറത്തുവന്നതോടെ വിവാദം സംബന്ധിച്ച് സ്മൃതി ഇറാനി വിശദീകരണം നൽകേണ്ട സ്ഥിയിലായി.