വിപ്പ് ലംഘിച്ച് എൽഡിഎഫ് സ്വതന്ത്രൻ വോട്ടെടുപ്പിൽ പങ്കെടുത്തു; ഈരാറ്റുപേട്ട നഗരസഭ ഭരണം എൽഡിഎഫിന് നഷ്ടമായി

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. നഗരസഭ ചെയർമാൻ ടി.എം.ബഷീറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. പ്രമേയത്തെ 15 അംഗങ്ങൾ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങൾക്കൊപ്പം വിപ്പ് ലംഘിച്ച് എൽഡിഎഫ് സ്വതന്ത്രൻ വോട്ടെടുപ്പിൽ പങ്കെടുത്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.

സിപിഎം, സിപിഐ, എസ്ഡിപിഐ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മുസ്‌ലീം ലീഗ്- എട്ട്, ജനപക്ഷം-നാല്, കോൺഗ്രസ്- മൂന്ന്, സിപിഎം- ഏഴ്, സിപിഐ-രണ്ട്, എസ്ഡിപിഐ- നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇതിൽ 15 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. എൽഡിഎഫ് സ്വതന്ത്രൻ വി.കെ.കബീറാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയത്.

അതേസമയം, തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്ന് കബീർ വ്യക്തമാക്കി. ഈ ഭരണകാലയളവിൽ ചെയർമാനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണിത്. സിപിഎം പ്രിതിനിധിയായി ജയിച്ച് നഗരസഭ ചെയർമാനായ ടി.എം. റഷീദ് ഇപ്പോൾ സിപിഎം അംഗമല്ല. ബഷീറിന്‍റെ മെമ്പർഷിപ്പ് പാർട്ടി പുതുക്കി നൽകിയിട്ടില്ലെന്നാണ് വിവരം.

Related posts