വെച്ചൂച്ചിറ: കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ബികോം വിദ്യാർഥിനി കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തെ സംബന്ധിച്ച അന്വേഷണസംഘം വിപുലീകരിക്കും. വനിതാ സിഐ, സൈബർസെൽ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു.
തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വടശേരിക്കര സിഐ എം.ഐ. ഷാജിയും സംഘവുമാണ് നിലവിൽ കേസന്വേഷിക്കുന്നത്. സംസ്ഥാനത്തു പെണ്‍കുട്ടികളുടെ തിരോധാനം അന്വേഷിക്കുന്ന ഉന്നതതലസംഘത്തിന്റെ മേൽനോട്ടവും കേസിനു നൽകിയിരുന്നു.
കഴിഞ്ഞ മാർച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ പെണ്‍കുട്ടിയെ എരുമേലി ബസ് സ്റ്റാൻഡ് വരെ കണ്ടവരുണ്ട്. പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. മൊബൈൽഫോണ്‍, എടിഎം കാർഡ് തുടങ്ങി യാതൊന്നും കൈവശമില്ലാത്തതിനാൽ കുട്ടിയെ കണ്ടെത്തുന്നതിൽ അന്വേഷണസംഘത്തിനു പുരോഗതി ഉണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് നൂറുപേരെയെങ്കിലും ചോദ്യം ചെയ്തിട്ടുണ്ട്.