കൊച്ചി: മെഡിക്കൽ പ്രവേശനത്തിനു വേണ്ടിയുള്ള നീറ്റ് പരീക്ഷ എഴുതുന്നതിനായി ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ എത്തിത്തുടങ്ങി. ഗുരുവായൂർ എക്സ്പ്രസ്, ചെന്നൈ മെയിൽ, ചെന്നൈ-ആലപ്പി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണു ഇന്നു രാവിലെ മുതൽ വിദ്യാർഥികൾ എത്തിത്തുടങ്ങിയത്.
വിവിധ സ്ഥലങ്ങളിൽ എത്തുന്ന ഇതര സംസ്ഥാന വിദ്യാർഥികളെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്ക് തുറന്നിട്ടുണ്ട്.
9061518888 എന്ന ഹെൽപ് ഡസ്ക് നന്പറിലേക്ക് നേരിട്ട് വിളിച്ചോ, എസ്എംഎസ്, വാട്സാപ്പ് എന്നിവ മുഖേനയോ ബന്ധപ്പെടാനാകും. അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത് എന്നീ റെയിൽവെ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റേഷനുകളിലുമാണു വോളന്റിയർമാരുടെ സഹായത്തോടെ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നത്. റെയിൽവെ, പോലീസ് വകുപ്പുകളുടെ സഹായവും ലഭിക്കും. മെഡിക്കൽ ബൂത്തുകളും ഏർപ്പെടുത്തും.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടി വരുന്ന ഇതര സംസ്ഥാന വിദ്യാർഥികൾക്ക് ഇവിടേക്കെത്തുന്നതിനും താമസ സൗകര്യം, വാഹന സൗകര്യം എന്നിവ ലഭിക്കുന്നതിനും ഹെൽപ്പ് ഡസ്ക് മുഖേന സഹായം ലഭിക്കും. മൊത്തം അയ്യായിരത്തോളം ഇതര സംസ്ഥാന വിദ്യാർഥികൾക്കാണു ജില്ലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽനിന്നാണ്. സ്വന്തം സംസ്ഥാനങ്ങളിൽ കേന്ദ്രം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതിനെ തുടർന്ന് പെട്ടെന്ന് യാത്ര പുറപ്പെടേണ്ടി വന്നവരെ സഹായിക്കുകയാണ് ഹെൽപ് ഡസ്കിന്റെ ലക്ഷ്യം.
മൊത്തം 58 നീറ്റ് പരീക്ഷാകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 37 കേന്ദ്രങ്ങൾ നഗരമേഖലയിലും 21 കേന്ദ്രങ്ങൾ റൂറൽ ജില്ലയിലുമാണ്. അയ്യായിരത്തോളം ഇതര സംസ്ഥാന വിദ്യാർഥികൾ അടക്കം 33160 വിദ്യാർഥികൾക്കാണു ജില്ലയിൽ ഹാൾ ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്.
നാളെ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണു പരീക്ഷ. വിദ്യാർഥികൾക്ക് ചുരുങ്ങിയ ചെലവിൽ താമസസൗകര്യം, വാഹനസൗകര്യം എന്നിവ ലഭിക്കുന്നതിനു റെയിൽവെ, ബസ് സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്കുകൾ മാർഗനിർദേശം നൽകും. വിദ്യാർഥികളെയും രക്ഷിതാക്കളെയും അമിതകൂലിയും വാടകയും ഈടാക്കി ചൂഷണം ചെയ്യുന്നതു തടയാൻ പോലീസും രംഗത്തുണ്ടാകും.