അണ്വായുധങ്ങൾ നിരോധിക്കാനുള്ള പ്രചാരണങ്ങൾ അന്താരാഷ്ട്ര തലങ്ങളിൽ ശക്തിപ്രാപിക്കുന്നതിനിടയിലും കൂസലില്ലാതെ റഷ്യ. “ഒഴുകുന്ന ആണവകേന്ദ്രത്തിന്റെ അവസാന മിനുക്കുപണിയിലാണ് ‘’റഷ്യയെന്നാണ് റിപ്പോർട്ടുകൾ. ലൊമോൻ സോവ് എന്ന കപ്പലിലാണ് നൂക്ലിയർ റിയാക്ടർ അടക്കമുള്ള ആണവ സംവിധാനങ്ങൾ ക്രമീകരിക്കുന്നതത്രേ.
റഷ്യയുടെ തന്നെ വിദൂര പ്രദേശങ്ങളിൽ അവശ്യഘട്ടങ്ങളിൽ ഉൗർജമെത്തിക്കുന്നതിനാണ് ആണവക്കപ്പൽ എന്നാണ് ഇതിനെക്കറിച്ചുള്ള റഷ്യയുടെ ഭാഷ്യം. എന്നാൽ, യുദ്ധ സാഹചര്യങ്ങളിൽ പ്രയോഗിക്കാനുള്ള ആയുധങ്ങളും ഈ ”ആവനാഴി’’യിലുണ്ടെന്നാണ് റിപ്പോർട്ട്.
സെന്റ് പീറ്റേഴ്സ് ബർഗിലെ ഷിപ്യാഡിൽവച്ച് ഈ ആണവകപ്പലിൽ ഇന്ധനം നിറയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, സുരക്ഷാ പ്രശ്നം പരിഗണിച്ച് ഇന്ധനം നിറയ്ക്കൽ ആർട്ടിക് സമുദ്രത്തിൽവച്ചാണ് നടത്തിയത്. ഏതെങ്കിലും തരത്തിലുള്ള അപകടത്തെത്തുടർന്ന് ആണവക്കപ്പൽ തകരാനിടയായാൽ ഗുരുതര പ്രത്യാഘാതങ്ങൾ സമുദ്രത്തിലും തീരത്തുമുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കപ്പലിൽ സ്ഫോടനമുണ്ടായാൽ വൻ സുനാമി പോലുമുണ്ടാകാൻ സാധ്യതയുണ്ടെന്നും സമുദ്ര നിരീക്ഷകർ അറിയിച്ചു. എന്നാൽ, യാതൊരുവിധ സുരക്ഷാപാളിച്ചകളുമുണ്ടാകില്ലെന്നാണ് റഷ്യയുടെ വാദം. അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി(ഐഎഇഎ)യുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കപ്പലിൽ ആണവ കേന്ദ്രം നിർമിച്ചിരിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണം അഴിച്ചുവിടുന്നത് ശത്രുരാജ്യങ്ങളാണെന്നും റഷ്യ പ്രസ്താവനയിൽ പറയുന്നു.