ഒരു കങ്കാരുവിനെ കല്ലെറിഞ്ഞു കൊന്നിട്ട് ഏറെനാളായിട്ടില്ല. ഇപ്പോഴിതാ വീണ്ടും… ചൈനയിലെ മൃഗശാലാ സന്ദർശകരുടെ പെരുമാറ്റദൂഷ്യം തുടർക്കഥയാകുന്നു. ഏറ്റവും പുതുതായി റിപ്പോർട്ട് ചെയ്തത് യാങ്ഷൂ ലിവാൻ മൃഗശാലയിലെത്തിയ സന്ദർശകർ ജീവനുള്ള മയിലിന്റെ വാലിലെ തൂവലുകൾ വലിച്ചുപറിച്ചു എന്നതാണ്.
നീളമേറിയ വാലുള്ള നാല് ആൺമയിലുകളുടെ തൂവലുകളാണ് സന്ദർശകർ വലിച്ചുപറിച്ചതെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. കൂടുകളിൽ രക്തത്തുള്ളികൾ കണ്ടെത്തിയതോടെയാണ് മൃശാലാ അധികൃതർ സംഭവം അറിഞ്ഞത്.
പ്രായപൂർത്തിയായ ഒരു മയിലിന് നീളമുള്ള 100 മുതൽ 150 വരെ തൂവലുകൾ വാലിലുണ്ടാകും.
സന്ദർശകരുടെ അതിക്രമം അടിക്കടി മൃഗശാലകളിൽ നടക്കുന്നതിനാൽ യാങ്ഷൂ മൃഗശാലാ അധികൃതർ രണ്ടു ജീവനക്കാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. മയിലുകളെ ശല്യപ്പെടുത്തരുതെന്ന സന്ദേശം റിക്കാർഡ് ചെയ്തത് സന്ദർശകർക്കുവേണ്ടി പ്രവർത്തിപ്പിക്കുക എന്നതാണ് ഇവരുടെ ജോലി.
സന്ദർശകർ നിഷ്കരുണം തൂവലുകൾ പിഴുതെടുത്തതിനെത്തുടർന്ന് 2016ൽ ബെയ്ജിംഗിലെ ഒരു വന്യജീവി പാർക്കിലുള്ള രണ്ടു മയിലുകൾ ചത്തിരുന്നു.