കുന്നംകുളം: നഗരസഭയിലെ 97-ാം നന്പർ അങ്കണവാടിയിൽനിന്ന് കാലാവധി കഴിഞ്ഞ പോഷകാഹാരം കുട്ടികൾക്കു വിതരണം ചെയ്ത സംഭവത്തിൽ അങ്കണവാടി ടീച്ചറെയും ഹെൽപ്പറെയും നഗരസഭ സസ്പെൻഡ് ചെയ്തു. കുന്നംകുളം ആനക്കല്ലിലെ അങ്കണവാടിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.
കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി നല്കേണ്ട അമൃതം ഭക്ഷണ ഉത്പന്നങ്ങൾ കാലാവധി കഴിഞ്ഞത് അനധികൃതമായി സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിനെ തുടർന്നാണു സസ്പെൻഷൻ നടപടി. രക്ഷിതാക്കൾ നഗരസഭയിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്നാണ് നഗരസഭ ഇന്നലെ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. അങ്കണവാടി ടീച്ചർ പ്രമീള, ഹെൽപ്പർ ഷീന എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്.