വടകര: ആർഎംപിഐ നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ സ്മരിക്കാൻ കുരുന്നുകൾ നടത്തിയ പ്രകടനവും മുദ്രാവാക്യം വിളിയും ആവേശമായി. ടി.പിയുടെ ആറാം രകതസാക്ഷി ദിനത്തിൽ നടന്ന ബഹുജന പ്രകടനത്തിലാണ് ഈ കാഴ്ച. വെള്ളികുളങ്ങരയിൽ നിന്ന് ഓർക്കാട്ടേരിയിലേക്ക് നീങ്ങിയ പ്രകടനത്തിൽ കുരുന്നുകൾ ചിട്ടയായി ചുവട് വെക്കുകയായിരുന്നു.
ടിപിയുടെ ചിത്രമുള്ള വെള്ള ടീ ഷർട്ടും തൊപ്പിയുമണിഞ്ഞ് പതാകയേന്തി ഇങ്ക്വിലാബ് വിളിച്ച് മുന്നേറിയത് ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. മുഷ്ടി ചുരുട്ടി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച കൊച്ചുപ്രവർത്തകർ തളരാതെ ഏറെ ദൂരം നടന്നുനീങ്ങി. സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത ഉജ്വല പ്രകടനമാണ് ഓർക്കാട്ടേരിയിൽ നടന്നത്. കനത്ത പോലീസ് ബന്തവസും ഏർപ്പെടുത്തിയിരുന്നു.