കൊച്ചി: ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനു വിദേശത്ത് പോകാനുള്ള അനുമതി ഏഴു ദിവസം കൂടി നീട്ടി നൽകി. നേരത്തേയുള്ള അനുമതി പ്രകാരം ഏഴിന് പാസ്പോർട്ട് കോടതിയിൽ തിരികെ സമർപ്പിക്കണമായിരുന്നു. എന്നാൽ, ഇതു നീട്ടി നൽകണമെന്ന അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി അനുമതി 13 വരെ നീട്ടി നൽകിയത്.
പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാർഥം ദുബൈയിൽ താമസിക്കുന്നതിനാണ് അനുമതി. നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നു നിർദേശമുണ്ടായിരുന്നു.
ഇതേത്തുടർന്നാണ് വിദേശ യാത്രയ്ക്ക് അനുമതി തേടി പാസ്പോർട്ട് വിട്ടുകിട്ടാൻ ദിലീപ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസാണ് ദിലീപിനെതിരേ നിലനിൽക്കുന്നത്.